എയിംസ് ഭോപ്പാലിലെ ലിഫ്റ്റ്ൽവച്ച് മാല പൊട്ടിച്ച കേസ്; പ്രതിയെ പിടികൂടി പൊലീസ്

ഭോപ്പാൽ: എയിംസ് ഭോപ്പാലിലെ ലിഫ്റ്റിനുള്ളിൽവച്ച് ജീവനക്കാരിയുടെ മാല കവർന്ന നഴ്സിംഗ് വിദ്യാർഥി അറസ്റ്റിൽ. യുവതിയുടെ കൂടെ ലിഫ്റ്റില്‍ കയറിയ പ്രതി, ഇറങ്ങുന്നതിനിടെ കടന്നുകളയുകയായിരുന്നു. എയിംസിലെ ഗൈനക്കോളജി വിഭാഗം അറ്റൻഡന്റായ വർഷ സോണി ഞായറാഴ്ച വൈകുന്നേരം ലിഫ്റ്റിൽ സഞ്ചരിക്കുമ്പോഴാണ് അക്രമം ഉണ്ടായത്. രാജസ്ഥാൻ സ്വദേശിയും മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിയുമായ സുനിൽ മീണ (25) ലിഫ്റ്റിൽവച്ച് വർഷയുടെ മാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ 45 സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ലിഫ്റ്റിനുള്ളിലെ ദൃശ്യങ്ങളും എയിംസ് ക്യാമ്പസിലെ മറ്റ് ദൃശ്യങ്ങളും വിശകലനം ചെയ്ത പൊലീസ് സോഷ്യൽ മീഡിയ വഴി പ്രതിയുടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. സാങ്കേതിക നിരീക്ഷണത്തിന്റെ സഹായത്തോടെ കതാറ ഹിൽസ് ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
ഓൺലൈൻ ഇടപാടുകൾ വഴിയുണ്ടായ സാമ്പത്തിക ബാധ്യതയും സുഹൃത്തുക്കളിൽ നിന്ന് വാങ്ങിയ കടം വീട്ടാനുമാണ് മോഷണം നടത്തിയതെന്ന് പ്രതി മൊഴി നൽകി. ആഡംബര ജീവിതം നയിക്കാനും വിലകൂടിയ കാറുകളും മൊബൈൽ ഫോണുകളും വാങ്ങാനും പെൺസുഹൃത്തിനായി പണം ചെലവാക്കാനുമാണ് താൻ മോഷണം ആസൂത്രണം ചെയ്തതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. മോഷണം നടത്തിയ മാല വാങ്ങിയ ജ്വല്ലറി ഉടമ പുഷ്പരാജ് സോണിയെയും പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഇയാളിൽ നിന്നും സ്വർണ്ണമാല കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കി.









0 comments