ഭോജ്ശാലയിൽ പൂജകളാരംഭിച്ച് ഹിന്ദുത്വ സംഘടനകൾ; വർഗീയ വിഭജന നീക്കമെന്ന ആക്ഷേപം ശക്തം

ധാർ (മധ്യപ്രദേശ്): ഹൈക്കോടതി വിധിയുടെ മറവിൽ ഹിന്ദുത്വ സംഘടനകൾ, മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ ഭോജ്ശാല-കമാൽ മൗല മസ്ജിദ് കെട്ടിടത്തിലേക്ക് കൂട്ടത്തോടെയെത്തി നിത്യപൂജകളും മതപരമായ ചടങ്ങുകളും ആരംഭിച്ചു. ഞായറാഴ്ച രാവിലെ 6:00 മണിയോടെയാണ് ഒരുകൂട്ടം ആളുകൾ സരസ്വതി ദേവിയുടെ വലിയൊരു പ്രതീകാത്മക ചിത്രവും കൈകളിലേന്തി, മുദ്രാവാക്യങ്ങൾ വിളിച്ച് സമുച്ചയത്തിലേക്ക് പ്രവേശിച്ചത്. വൈദിക പുരോഹിതന്മാരുടെ നേതൃത്വത്തിൽ യാഗങ്ങളും വിപുലമായ പ്രാർത്ഥനകളും ഇവിടെ നടത്തി.
ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താനും വെള്ളിയാഴ്ചകളിൽ മുസ്ലിം സമുദായത്തിന് പ്രാർത്ഥന നടത്താനും അനുമതി നൽകിയിരുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) 2003-ലെ സുപ്രധാന ക്രമീകരണം റദ്ദാക്കിക്കൊണ്ടുള്ള മധ്യപ്രദേശ് ഹൈക്കോടതി വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ദ്രുതഗതിയിലുള്ള നീക്കങ്ങൾ. എന്നാൽ, ബാബറി മസ്ജിദ് തർക്കത്തിന് സമാനമായ രീതിയിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വർഗീയ ധ്രുവീകരണത്തിനാണ് ഈ കയ്യേറ്റത്തിലൂടെ വഴിതുറന്നിരിക്കുന്നതെന്ന പ്രതിഷേധം ഉയരുകയാണ്.
ജനങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ഗുരുതരമായ ഉപജീവന പ്രശ്നങ്ങളിൽ നിന്ന് പൊതുശ്രദ്ധ തിരിച്ചുവിടാൻ ഭിന്നിപ്പിക്കുന്ന മതപരമായ വിഷയങ്ങൾ നിരന്തരം ഉയർത്തിക്കാട്ടാനാണ് ബിജെപി-ആർഎസ്എസ് കൂട്ടുകെട്ട് ശ്രമിക്കുന്നത്. ഇത്തരം വർഗീയ ശക്തികൾക്ക് ആയുധം നൽകുന്നതാണ് ഇപ്പോഴത്തെ കോടതി വിധി എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ദൈവവിശ്വാസത്തിന്റെയോ ആരാധനയുടെയോ പേരിലല്ല, മറിച്ച് കൃത്യമായ വര്‍ഗീയ അജണ്ടകളുടെ ഭാഗമായാണ് ഇപ്പോൾ ഈ ചരിത്ര സ്മാരകത്തെ ലക്ഷ്യമിടുന്നത്.
ഭോജ് ഉത്സവ് സമിതി പോലുള്ള സംഘടനകൾ കയ്യേറ്റത്തെ വലിയ ആഘോഷമാക്കുമ്പോൾ തന്നെ, മറുവിഭാഗത്തിലും രാജ്യത്തെ മതേതര സമൂഹത്തിലും ഇത് വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്.
മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല-കമാൽ മൗല പള്ളി തർക്കത്തിലെ മധ്യപ്രദേശ് ഹൈക്കോടതി വിധി ആശങ്കയുളവാക്കുന്നതാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രതികരിച്ചിരുന്നു. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതരവും ജനാധിപത്യപരവുമായ അടിത്തറയ്ക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധിയാണിതെന്നും സിപിഐ എം പറഞ്ഞു.
മുൻപ് മുസ്ലിം മതവിഭാഗങ്ങൾക്ക് സമുച്ചയത്തിൽ പ്രാർഥിക്കാനുള്ള അവകാശം നൽകിയ ഉത്തരവ് തിരുത്തിയതിലൂടെ, ബാബറി മസ്ജിദ് - രാമജന്മഭൂമി കേസിൽ സുപ്രീം കോടതി ഉന്നയിച്ച അതേ വാദങ്ങളെയാണ് ഇപ്പോഴത്തെ വിധി പ്രതിധ്വനിപ്പിക്കുന്നത്.
മതപരമായ സ്ഥലങ്ങളെച്ചൊല്ലിയുള്ള വർഗീയ തർക്കങ്ങൾ ശാശ്വതമായി തടയുന്നതിനായി പാർലമെന്റ് നടപ്പിലാക്കിയ 1991 ലെ ആരാധനാലയ നിയമം (Places of Worship Act) പരിഗണിക്കാൻ കോടതി തയ്യാറായിട്ടില്ല. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഈ പുതിയ വിധി പാർലമെന്റ് പാസ്സാക്കിയ നിയമത്തിലെ വ്യവസ്ഥകളുടെ പൂർണ്ണമായ ലംഘനമാണെന്നും പിബി ചൂണ്ടിക്കാട്ടി.











0 comments