4 വയസ്സുകാരനെ ടാക്സി കാറിൽ മറന്നുവെച്ച് ദമ്പതികൾ; തിരിച്ചുകിട്ടിയത് പൊലീസ് ഇടപെടലിൽ

ബെംഗളൂരു: സ്വന്തം മകനെ ടാക്സി കാറിൽ മറന്നുവെച്ച് ദമ്പതികൾ വീട്ടിലേക്ക് പോയി. ബെംഗളൂരുവിലാണ് സംഭവം. യാത്രക്ക് പോയി തിരിച്ചുവന്ന ദമ്പതികൾ കുട്ടി കൂടെ ഇറങ്ങി എന്ന് കരുതി വീട്ടിലേക്ക് പോകുകയായിരുന്നു.
ദമ്പതികൾ കാറിൽ നിന്നിറങ്ങിയ ഉടൻ ഡ്രൈവർ വണ്ടിയുമായി പോയെങ്കിലും കുട്ടി കൂടെയില്ലെന്ന കാര്യം അവർ അല്പം കഴിഞ്ഞാണ് ശ്രദ്ധിച്ചത്. ഭയന്നുപോയ ദമ്പതികൾ ഉടൻ തന്നെ 'നന്മ 112' എന്ന പൊലീസ് ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിച്ച് സഹായം തേടി.
സന്ദേശം ലഭിച്ച് വെറും രണ്ട് മിനിറ്റിനുള്ളിൽ പൊലീസ് സംഭവസ്ഥലത്തെത്തി. ടാക്സി വാഹനത്തിന്റെ നമ്പറും ലൊക്കേഷനും വേഗത്തിൽ കണ്ടെത്തിയ പൊലീസ്, ഡ്രൈവറെ ഫോണിൽ വിളിച്ച് കുട്ടി കാറിലുണ്ടെന്ന് ഉറപ്പാക്കി.
കുട്ടിയുമായി ഉടൻ തന്നെ മാതാപിതാക്കളുടെ അപ്പാർട്ട്‌മെന്റിലെത്താൻ പൊലീസ് ഡ്രൈവർക്ക് നിർദ്ദേശം നൽകി. ബെംഗളൂരു പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒരു മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കൾക്ക് അരികിലെത്തിക്കാൻ സാധിച്ചു.










0 comments