ബംഗളൂരുവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒമ്പത് അതിഥി തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റു

ബംഗളൂരുവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം| Photo: NDTV
ബംഗളൂരു : ബംഗളൂരുവിൽ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തിലുണ്ടായ പാചകവാതക ചോർച്ചയെത്തുടർന്നുള്ള സ്‌ഫോടനത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ ഒമ്പത് അതിഥി തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ 6:30ഓടെ മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് അപകടമുണ്ടായത്. ഗ്യാസ്ചോർച്ചയെത്തുടർന്നുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ജനൽച്ചില്ലുകളും വാതിലുകളും തകരുകയും സമീപത്തെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ തൊഴിലാളിക്ക് നിസ്സാര പരിക്കേറ്റു. മറ്റുള്ളവർക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. നിരവധി തൊഴിലാളികളെ ചെറിയ മുറികളിൽ താമസിപ്പിച്ചാണ് പിജി പ്രവർത്തിച്ചിരുന്നത്. ദേബാശിഷ് ഹൽദാർ, ദേബാശിഷ് മാലിക്, സുബ്രത ബെറ, ഹബീബുൾ റഹ്മാൻ, സൗരവ് ചൗധരി, സന്താൻ റേ, സയ്യിദ് അലാവുദ്ദീൻ, ദിസ്വനാഥ് എന്നീ പശ്ചിമ ബംഗാൾ സ്വദേശികൾക്കാണ് പരിക്കേറ്റത്.
ചോർന്ന പാചകവാതകം മുറിക്കുള്ളിൽ കെട്ടിക്കിടന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊതുകുശല്യം ഒഴിവാക്കാൻ തൊഴിലാളികൾ രാത്രി ജനലുകൾ അടച്ചിട്ടിരുന്നതാണ് വാതകം പുറത്തുപോകാതെ മുറിക്കുള്ളിൽ നിറയാൻ ഇടയാക്കിയത്. പ്രാദേശിക സ്വകാര്യ ബ്രാൻഡിന്റെ സിലിണ്ടറാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. സിലിണ്ടർ കമ്പനിയുടെ വിവരങ്ങളും, സിലിണ്ടർ, റെഗുലേറ്റർ, പൈപ്പുകൾ എന്നിവയുടെ ഗുണനിലവാരവും പൊലീസ് പരിശോധിച്ച് വരികയാണ്.










0 comments