ad
Deshabhimani

ബം​ഗളൂരുവിൽ വ്യാജ കാൻസർ മരുന്ന് റാക്കറ്റ് പിടിയിൽ; ആശുപത്രികൾക്ക് വിറ്റത് പകുതി വിലയ്ക്ക്

medicine tablets

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 14, 2026, 03:53 PM | 1 min read

ബം​ഗളൂരു: ബം​ഗളൂരുവിൽ വ്യാജ കാൻസർ മരുന്നുകൾ വിൽക്കുന്ന റാക്കറ്റ് പിടിയിൽ. ബംഗളൂരു പൊലീസും ഡ്രഗ്സ് കൺട്രോൾ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് നിർണായക വിവരം ലഭിച്ചത്. കേസിൽ ഫാർമസി ഉടമ വീരേഷ് കുമാർ ജെയിൻ അറസ്റ്റിലായി. വീരേഷിന്റെ മിനർവ സർക്കിളിന് സമീപമുള്ള 'കൃപ ഹെൽത്ത്‌കെയർ' എന്ന ഫാർമസി വഴിയാണ് വ്യാജ മരുന്നുകൾ വിറ്റഴിച്ചിരുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.


ബം​ഗളൂരു ന​ഗരത്തിലെ 90ലധികം ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വ്യാജ മരുന്നുകളും റീപാക്ക് ചെയ്ത മരുന്നുകളും വിതരണം ചെയ്തതായാണ് കണ്ടെത്തൽ. ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, ജീവൻ രക്ഷാ മരുന്നുകൾ, ഐസിയു (ICU) കുത്തിവയ്പ്പുകൾ തുടങ്ങിയവയാണ് വിൽപ്പന നടത്തിയത്. ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും മെഡിക്കൽ ഷോപ്പുകൾക്കും ഏകദേശം 50 ശതമാനം വിലക്കുറവിലാണ് മരുന്ന് വിറ്റത്.


കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ വാങ്ങി, അവയുടെ ബ്രാൻഡ് പേര് മാറ്റി, വ്യത്യസ്ത പേരുകളിൽ വിൽക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. കാലാവധി കഴിഞ്ഞ മരുന്നുകൾ പുതിയ പാക്കറ്റുകളിലേക്ക് മാറ്റും. പിന്നീട് പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടേതിന് സമാനമായ വ്യാജ ലേബലുകൾ പതിച്ചും വിൽപ്പന നടത്തിയിരുന്നതായി അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു. 15 പേർ റാക്കറ്റിൽ ഉൾപ്പെട്ടതായാണ് വിവരം.


ആ​ഗസ്ത് 18ന് ബം​ഗളൂരു സൗത്തിലെ ബിഡാഡി, ഡോഡേരി പ്രദേശങ്ങളിലെ ഫാം ഹൗസിൽ നടത്തിയ പരിശോധനയിൽ അഞ്ച് കോടിയുടെ വ്യാജ മരുന്നുകൾ പിടിച്ചെടുത്തിരുന്നു. വ്യാജ ബില്ലുകൾ, കുത്തിവയ്പ്പ് മരുന്ന് നിറയ്ക്കുന്നതിനുള്ള ഉപകരണങ്ങൾ, വ്യാജ ലേബലുകൾ എന്നിവയും പൊലീസ് കണ്ടെടുത്തിരുന്നു. ഇതോടെയാണ് ബം​ഗളൂരു പൊലീസ് വ്യാജമരുന്നുകേസിൽ അന്വേഷണം ആരംഭിച്ചത്.


തുടർന്ന് കർണാടക, ഹരിയാന, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 10-ലധികം സ്ഥലങ്ങളിൽ എസ്ഐടി ഏകോപിത പരിശോധനകൾ നടത്തി. പണമിടപാടുകൾ സംബന്ധിച്ചും റാക്കറ്റിലെ മറ്റ് അം​ഗങ്ങളെ സംബന്ധിച്ചും അന്വേഷണം പുരോ​ഗമിക്കുകയാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home