പിടിച്ചു നിര്‍ത്താൻ നപടിയില്ല, ഇടപെടാതെ കേന്ദ്രം
ജീവിത ചെലവ് ഇനിയും ഉയരും, ഉൽപാദനമേഖലകളിൽ പണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തിൽ

മുംബൈ: ഭക്ഷ്യ, ഇന്ധന,ഉൽപാദന മേഖലകളിലെ വിലവര്‍ധന പിടിച്ചു നിര്‍ത്താൻ ഫലപ്രദമായ നടപടിയില്ല. ആഗസ്ത് മാസത്തിലെ മൊത്തവില പണപ്പെരുപ്പം 9.92 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, ഉൽപാദനം പൂര്‍ത്തിയാക്കിയ വിപണന വസ്തുക്കൾ എന്നിങ്ങനെ പ്രാഥിമിക മേഖലകളിലെ മൊത്ത വില അധിഷ്ഠിത പണപ്പെരുപ്പം നിയന്ത്രണമില്ലാതെ കുതിക്കുന്നു. ജൂലൈയിൽ പണപ്പെരുപ്പം 9.78 ശതമാനം ആയിരുന്നതാണ് ആഗസ്തിൽ 9.92 ൽ എത്തിയിരിക്കുന്നത്. ഓരോ മാസവും വിലകൾ ഉയര്‍ന്നു കൊണ്ടിരിക്കുന്നു.
ഉൽപന്നങ്ങൾ വിപണിയിൽ എത്തുന്നതോടെ വിലവര്‍ധന ചില്ലറ വിപണിയിലും പ്രതിഫലിക്കും. ഏത് മേഖലയിലെ പണപ്പെരുപ്പവും അവസാനമായി സാധാരണ ഉപഭോക്താക്കളുടെ മേൽ അധിക ഭാരമാവും.
ഉൽപാദന മേഖലയിൽ
സര്‍വ്വകാല റെക്കോര്‍ഡ്
ഉൽപാദനമ മേഖലയിലെ (Manufactured Items) പണപ്പെരുപ്പം എക്കാലത്തെയും ഉയരത്തിലാണ്. 8.37 ശതമാനത്തിൽ എത്തി നിൽക്കുന്നു. ജൂലൈയിൽ ഇത് 8.29 ശതമാനമായിരുന്നു എന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പറയുന്നു. ഭക്ഷ്യ മേഖലയിലും വൻ വര്‍ധനവാണ്. ജൂലൈയിലെ 6.65 ശതമാനത്തിൽ നിന്നും ആഗസ്തിൽ 7.05 ആയി ഉയര്‍ന്നു. ഇന്ധ വൈദ്യുത മേഖലകളും പണപ്പെരുപ്പ നിരക്ക് കുതിക്കയാണ്. ഈ മേഖലയിലെ നിരക്ക് 22.93 ശതമാനമായിട്ടുണ്ട്.
പതിവ് പോലെ പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും ചൂണ്ടികാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ ന്യായീകരിക്കുന്നത്. ഉപ്പു തൊട്ട് പഞ്ചസാര വരെ അടുക്കളയിൽ നിത്യോപയോഗത്തിലുള്ള സാധനങ്ങളുടെ എല്ലാം വില കുതിക്കയാണ്.
സര്‍വ മേഖലകളിലും
വിലക്കയറ്റ ഭീതി
ഇന്ധന മേഖലയിലെ 22.93% എന്ന ഉയര്‍ന്ന പണപ്പെരുപ്പം ചരക്കു കൂലിയും കടത്തു കൂലിയും സംഭരണ ചിലവ് വര്‍ധനവും എല്ലാമായി സാധാരണക്കാരിലേക്ക് എത്തുന്നു. ഉൽപാദന മേഖലയിലെ (Manufactured Items) പണപ്പെരുപ്പം 8.37 ശതമാനത്തിൽ എത്തിയതിനാൽ ഇനി കമ്പനികൾ അവരുടെ നഷ്ടം നികത്തൽ നടപടിക്ക് തുടക്കമിടും. ഇത് എല്ലാ വസ്തുക്കളുടെയും എംആര്‍പി ഉയര്‍ത്തും.

മൊത്ത വിപണിയിൽ പണപ്പെരുപ്പവും അതുവഴി വിലക്കയറ്റവും (7.05%) ഉണ്ടാവുമ്പോൾ ചില്ലറ വിൽപനക്കാരും ആനുപാതിക വിഹിതം സാധാരണക്കാരിൽ നിന്ന് ഈടാക്കും. പഴയ സ്റ്റോക് തീരുന്നത് വരെയുള്ള ഇടവേളയാവും ഇതിനിടയിൽ ലഭിക്കുക. സവാള വില കൂടിയപ്പോൾ വിലക്കയറ്റം മുന്നിൽ കണ്ടുള്ള പൂഴ്ത്തി വെപ്പ് ആരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ തന്നെ രംഗത്ത് എത്തിയിരുന്നു.
മൊത്ത വിലയിലെ വര്‍ധന (WPI) പിടിച്ചു നിര്‍ത്താൻ കഴിയാത്തത് ചില്ലറ വിപണിയിലെ സൂചകങ്ങളെയും (Consumer Price Index - CPI) ഇത്തരത്തിൽ സ്വാധീനിക്കും. പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടുന്ന മിനറൽ ഓയിലുകൾ, ഭക്ഷ്യ വസ്തുക്കൾ, പ്രോസസ്ചെയ്ത ഭക്ഷ്യ വസ്തുക്കൾ, അടിസ്ഥാന ലോഹങ്ങൾ, ഭക്ഷ്യേതര വസ്തുക്കൾ, രാസവസ്തുക്കളും രാസ ഉൽപന്നങ്ങളും എന്നിവയുടെ വില വര്‍ധനവാണ് പണപ്പെരുപ്പത്തിന് ഇടയാക്കിയിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പറയുന്നു. ഇതിന് പുറമെ രാസവളങ്ങളുടെ വില വര്‍ധന കൂടി ചേര്‍ന്ന് കാര്‍ഷിക ഉൽപന്നങ്ങളുടെ വിലയിൽ അധിക വര്‍ധന കൂടി വരുത്തി.
വില പിടിച്ചു നിര്‍ത്തുന്നതിൽ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും ആസൂത്രണങ്ങളും മുഴുവൻ പാളിയ സാഹചര്യമാണ്. കഴിഞ്ഞ സാമ്പത്തിക പാദത്തിൽ റിസര്‍വ് ബാങ്ക് ഇടപെട്ടിരുന്നു. ബെഞ്ച്മാര്‍ക് പോളിസി നിരക്ക് മാറ്റമില്ലാതെ 5.25 ശതമാനത്തിൽ നിലനിര്‍ത്തിയായിരുന്നു പരീക്ഷണം. എന്നാൽ വിലക്കയറ്റം കേന്ദ്ര സര്‍ക്കാരിന്റെ നിസംഗതയ്ക്ക് ഒപ്പം വര്‍ധിച്ചു കൊണ്ടേയിരിക്കുന്ന സാഹചര്യമാണ്.









0 comments