ബെംഗളൂരുവിൽ ഇൻഡിഗോ വിമാനത്തിൽ പുക ഉയർന്ന് പരിഭ്രാന്തി; യാത്രക്കാരെ അടിയന്തരമായി പുറത്തെത്തിച്ചു

ഇൻഡിഗോ വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കുന്നു
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിനുള്ളിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ബെംഗളൂരുവിൽ നിന്നും ചെന്നൈയിലേക്ക് പുറപ്പെടാൻ റൺവേയിലേക്ക് നീങ്ങുകയായിരുന്ന ഇൻഡിഗോ 6 ഇ 6017 വിമാനത്തിലാണ് സംഭവം.
കൃത്യസമയത്ത് പുക കണ്ടെത്താനായതിനാലും സുരക്ഷാ മാനദണ്ഡങ്ങൾ വേഗത്തിൽ പാലിച്ചതിനാലും വൻ ദുരന്തമാണ് ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും പൂർണ്ണ സുരക്ഷിതരാണെന്ന് ഇൻഡിഗോ എയർലൈൻസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ചെന്നൈയിലേക്കുള്ള യാത്രയ്ക്കായി വിമാനം റൺവേയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് വിമാനത്തിന്റെ കാബിനുള്ളിൽ പുക കാണപ്പെട്ടത്. പുക ശ്രദ്ധയിൽപ്പെട്ടയുടൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിക്കുകയും വിമാനം അടിയന്തരമായി ബേയിലേക്ക് തിരികെ എത്തിക്കുകയുമായിരുന്നു.
തുടർന്ന് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വഴിയും മറ്റ് അടിയന്തര സംവിധാനങ്ങൾ ഉപയോഗിച്ചും യാത്രക്കാരെയും ജീവനക്കാരെയും വേഗത്തിൽ പുറത്തെത്തിച്ചു. പുക ഉയർന്നതുമായി ബന്ധപ്പെട്ട കൃത്യമായ കാരണം കണ്ടെത്താൻ വിമാനത്തിൽ വിശദമായ പരിശോധനകൾ പുരോഗമിക്കുകയാണ്.
വിമാനത്തിനുള്ളിലെ എയർ കണ്ടീഷനിംഗ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ പുകയ്ക്ക് പിന്നിലെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗം അന്വേഷിക്കും. യാത്രക്കാർക്ക് ചെന്നൈയിലേക്ക് പോകുന്നതിനായി മറ്റൊരു വിമാനം എയർലൈൻസ് അധികൃതർ ക്രമീകരിച്ചിട്ടുണ്ട്.










0 comments