Deshabhimani

ബെംഗളൂരുവിൽ വായുമലിനീകരണം രൂക്ഷം; ശ്വാസകോശത്തെ ബാധിക്കുന്നു, പുറംജോലി ചെയ്യുന്നവർക്ക് ആരോഗ്യഭീഷണി

Bengaluru Air Pollution
വെബ് ഡെസ്ക്

Published on Oct 28, 2026, 09:19 PM | 1 min read

ബെംഗളൂരു : നഗരത്തിലെ വായുമലിനീകരണം പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികളുടെ ശ്വാസകോശത്തെ ബാധിക്കുന്നതായി സർവേ റിപ്പോർട്ട്. ദീർഘനേരം പുറത്ത് ജോലി ചെയ്യുന്നവരിലാണ് ശ്വാസകോശ രോ​ഗം കൂടുതലായി കാണുന്നത്. ബിഎംടിസി ബസ് ഡ്രൈവർമാർ, ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ, ശുചീകരണത്തൊഴിലാളികൾ എന്നിവരിലാണ് ശ്വാസകോശ സംബന്ധമായ രോ​ഗം കൂടുതൽ.


ഇതോടെ ബെം​ഗളൂരുവിലെ വാഹനങ്ങളിൽ നിന്നുള്ള പുകയും, അന്തരീക്ഷത്തിലെ മറ്റു പൊടിപടലങ്ങളും ഉൾപ്പെടെയുള്ള മലിനീകരണ ഘടകങ്ങൾ നിരന്തരം ശ്വസിക്കേണ്ടിവരുന്ന തൊഴിലാളികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക ഉയരുകയാണ്. നഗരത്തിലെ തിരക്കേറിയ റോഡുകളിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ, ബസ് ഡ്രൈവർമാർ, ശുചീകരണത്തൊഴിലാളികൾ എന്നിവരാണ് വായുമലിനീകരണം വഴിയുള്ള രോ​ഗങ്ങൾക്ക് നേരിട്ട് ബാധിതരാകുന്നത്.


വാഹനങ്ങളിൽനിന്നുള്ള പുക, സൂക്ഷ്മമായ പൊടിപടലങ്ങൾ, അന്തരീക്ഷത്തിലെ മലിനീകരണ ഘടകങ്ങൾ എന്നിവ ദീർഘകാലം ശ്വസിക്കുന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിക്കാം. ചുമ, ശ്വാസതടസം, അലർജി തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് കാരണമാകാം. ജോലിയുടെ സ്വഭാവം മൂലം അന്തരീക്ഷത്തിലെ മലിനമായ വായുവിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയാത്ത തൊഴിലാളികൾക്ക് ആരോഗ്യപരമായ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.


തൊഴിലാളികളിൽ കൃത്യമായ ഇടവേളകളിൽ ശ്വാസകോശ പരിശോധന നടത്തേണ്ടതുണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ സർവേ റിപ്പോർട്ട്. മലിനീകരണത്തിൽ നിന്ന് സംരക്ഷണം നൽകുന്ന മാസ്കുകളും അധികൃതർ ലഭ്യമാക്കേണ്ടതുണ്ട്. ഇതിനൊപ്പം വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ കാര്യക്ഷമമാക്കണം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതുവരെ കാത്തുനിൽക്കാതെ ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനുള്ള സംവിധാനവും ആവശ്യമാണെന്ന് സർവേ ഓർമിപ്പിക്കുന്നു.


വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ പരിശോധനകൾ കാര്യക്ഷമമാക്കുക, പൊതുഗതാഗത സംവിധാനങ്ങളിൽ മലിനീകരണം കുറയ്ക്കുന്ന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കേണ്ടതുണ്. അനുദിനം വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ പുറം ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് കാര്യക്ഷമമായ ഇടപെടൽ അധികൃതരുടെ ഭാ​ഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home