പശ്ചിമ ബംഗാൾ എസ്ഐആര്‍ വീണ്ടും വിവാദത്തിൽ; പരാതിപ്പെട്ടവരിൽ ഭൂരിപക്ഷവും വോട്ടിന് അര്‍ഹര്‍, പരിശോധന വൈകിപ്പിക്കുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിഹരിക്കാൻ സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച അപ്പീൽ ട്രൈബ്യൂണലുകൾ ഇതുവരെ തീര്‍പ്പാക്കിയത് വെറും 0.26 ശതമാനം പരാതികൾ മാത്രം. അവയിൽ തന്നെയും ഭൂരിപക്ഷവും പരാതിക്കാരായ വോട്ടര്‍മാര്‍ക്ക് അനുകൂലമായിരുന്നു. യഥാര്‍ത്ഥ വോട്ടര്‍മാരെയാണ് പുറത്ത് നിര്‍ത്തിയത്.
എസ് ഐ ആറിന്റെ ഫലമായി പുറത്താക്കപ്പെട്ട വോട്ടര്‍മാര്‍ ജുഡീഷ്യൽ ഓഫീസർമാരുടെ തീരുമാനങ്ങൾക്കെതിരെ സമർപ്പിച്ച 25 ലക്ഷത്തോളം അപ്പീലുകൾ കെട്ടികിടക്കുകയാണ്. ഇവയിൽ കേവലം 0.26 ശതമാനം അതായത് 6,581 കേസുകൾ മാത്രമാണ് ഇതുവരെ തീർപ്പാക്കാൻ സാധിച്ചിട്ടുള്ളത്. മേയ് 14 വരെയുള്ള ഇലക്ഷൻ കമ്മീഷന്റെ തന്നെ കണക്കുകളാണ് ഗുരുതരമായ പ്രതിസന്ധി പുറത്തെത്തിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മാത്രമാണ് വിവരം പുറത്ത് വിട്ടത്. ഇതിനിടെ ബിജെപി നയിക്കുന്ന മുന്നണി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തി.
ഇത്രയും പേരെ ഒന്നിച്ച് ഒഴിവാക്കിയപ്പോൾ അതിൽ വലിയൊരു ശതമാനം യഥാർത്ഥ വോട്ടർമാരും ഉൾപ്പെട്ടുപോയി എന്നതാണ് ട്രൈബ്യൂണൽ കണക്കുകൾ കാണിക്കുന്നത്. തീർപ്പാക്കിയ കേസിൽ 61.5% പേർക്കും വോട്ട് തിരികെ കിട്ടി. യാഥാര്‍ത്ഥ വോട്ടുവെട്ടലാണ് നടന്നതെന്ന പരാതികൾ ഇത് ശരിവെക്കുന്നു. ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിൽ വോട്ടർപട്ടികയുടെ കൃത്യതയെ ചൊല്ലി നടന്ന തർക്കങ്ങളെ സുപ്രീം കോടതി 'Trust Deficit' എന്നാണ് വിശേഷിപ്പിച്ചത്.
പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പരാതികൾ പരിശോധിക്കാൻ ആകെ 19 ട്രൈബ്യൂണലുകളാണ് സംസ്ഥാനത്ത് രൂപീകരിച്ചിട്ടുള്ളത്. 25 ലക്ഷത്തിലധികം പരാതികളാണ് ഇവിടെ പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തേണ്ടത്. 12 ട്രൈബ്യൂണലുകൾ നൽകിയ വിവരങ്ങൾ പ്രകാരം തീർപ്പാക്കിയ കേസുകളിൽ ഭൂരിഭാഗം പേരുടെയും പേരുകൾ വോട്ടർപട്ടികയിൽ തിരിച്ചെത്തിക്കേണ്ടി വന്നു എന്നത് ശ്രദ്ധേയമാണ്.
വോട്ടർമാരെ ഒഴിവാക്കിയതിൽ
രാഷ്ട്രീയമെന്ന വാദം തെളിയിക്കുന്ന ഫലങ്ങൾ
വിശദമായി പരിശോധിച്ച് തീർപ്പാക്കിയ 6,581 കേസുകളിൽ 4,043 അപ്പീലുകളും ട്രൈബ്യൂണൽ അനുവദിച്ചു. അതായത്, പരാതിയുമായി ട്രൈബ്യൂണലിനെ സമീപിക്കാൻ സാധിച്ചവരിൽ 61.5 ശതമാനം പേരുടെയും പേരുകൾ വോട്ടർപട്ടികയിൽ നിന്ന് തെറ്റായ രീതിയിലാണ് നീക്കം ചെയ്തത് എന്ന് കണ്ടെത്തിയിരിക്കുന്നു. ഇവരുടെ വോട്ടവകാശം ട്രൈബ്യൂണൽ പുനഃസ്ഥാപിച്ചു നൽകി. ഇക്കൂട്ടത്തിൽ 1,267 അപ്പീലുകൾ തള്ളിയപ്പോൾ, ബാക്കി വന്ന 1,200-ഓളം കേസുകളുടെ കൃത്യമായ വിവരം ലഭ്യമായിട്ടില്ല.
പ്രാദേശിക അസമത്വവും ഉദ്യോഗസ്ഥ പ്രതിസന്ധിയും
അപ്പീലുകൾ തീർപ്പാക്കുന്നതിൽ നഗര-ഗ്രാമ വ്യത്യാസം പ്രകടമാണ്. കൊൽക്കത്ത നോർത്ത്, കൊൽക്കത്ത സൗത്ത് എന്നീ രണ്ട് ജില്ലകളിലായി 1,777 കേസുകൾ തീർപ്പാക്കി. നഗര സൗകര്യങ്ങൾ നിലനിൽക്കുന്ന മേഖലയാണ്. ഇത് ആകെ തീർപ്പാക്കിയ കേസുകളുടെ 27 ശതമാനമാണ്. എന്നാൽ ഇവിടങ്ങളിൽ ഇപ്പോഴും 51,000-ത്തിലധികം അപ്പീലുകൾ കെട്ടിക്കിടക്കുകയാണ്. ഇതിനിടെ, ഈ രണ്ട് ജില്ലകളുടെയും ട്രൈബ്യൂണൽ തലവനായിരുന്ന മുൻ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം മേയ് 7-ന് വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചത് വിവാദമായി തുടരുന്നുമുണ്ട്.
ഏറ്റവും കൂടുതൽ വോട്ടർമാരെ ഒഴിവാക്കിയ മുർഷിദാബാദ്, മാൽഡ തുടങ്ങിയ ഗ്രാമീണ പിന്നോക്ക മേഖലകളിൽ അപ്പീൽ തീർപ്പാക്കൽ പേരിനു മാത്രമാണ് നടക്കുന്നത്. ഇവിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് എതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നത്. മുർഷിദാബാദിൽ 6.29 ലക്ഷത്തിലധികം അപ്പീലുകൾ ഫയൽ ചെയ്തതിൽ കേവലം 112 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. വെറും 0.017 ശതമാനം മാത്രമാണിത്. മാൽഡയിൽ 5.26 ലക്ഷത്തിലധികം അപ്പീലുകളിൽ തീർപ്പാക്കിയത് വെറും 185 എണ്ണം മാത്രം. ഇത് വെറും 0.035% ശതമാനമാണ്.
ഓൺലൈൻ വഴിയും നേരിട്ടും ഹിയറിംഗുകൾ നടക്കുന്നുണ്ടെങ്കിലും, ഭൗതികമായി ഹാജരാകുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് അധികൃതർ സമ്മതിക്കുന്നു. നിലവിൽ തീർപ്പാക്കിയ കേസുകളുടെ എണ്ണം പതിനായിരത്തോട് അടുത്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരമെങ്കിലും കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. ഓൺലൈൻ സംവിധാനങ്ങൾ പോലെ സൗകര്യങ്ങൾ ലഭ്യമായ നാഗരികരും അഭ്യസ്തവിദ്യരും സമ്പന്നരുമായ വിഭാഗത്തിന് മാത്രമാണ് കമ്മീഷൻ നടപടി ചോദ്യം ചെയ്ത് പരാതിപ്പെടാൻ കഴിയുന്നത്. പിന്നോക്ക ദരിദ്ര മേഖലകളിൽ ബഹുഭൂരിപക്ഷം പേരും ആശങ്കയിലും ഭീതിയിലും കഴിയുന്നു. ഇതിനിടെ മുഖ്യമന്ത്രി സുവേന്ദു അധികാരി എസ് ഐ ആറിൽ നിന്നും പുറത്താക്കപ്പെട്ടവരുടെ റേഷൻ കാര്‍ഡ് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ ആരംഭിക്കുന്നതായി ഭീഷണി ആവര്‍ത്തിക്കയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ തന്നെ നാടുകടത്തൽ പ്രക്രിയയ്ക്ക് നേതൃത്വം നൽകും എന്നും പറഞ്ഞു.
പശ്ചാത്തലം: സുപ്രീം കോടതി ഇടപെടൽ
തെരഞ്ഞെടുപ്പ് കമ്മീഷനും അന്നത്തെ പശ്ചിമ ബംഗാൾ സർക്കാരും തമ്മിൽ വോട്ടർപട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഫെബ്രുവരി 20-ന് സുപ്രീം കോടതി ജുഡീഷ്യൽ ഇടപെടലിന് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി കൽക്കട്ട ഹൈക്കോടതി നിർദേശിച്ച 700-ഓളം ജുഡീഷ്യൽ ഓഫീസർമാർ വോട്ടർമാരുടെ തിരിച്ചറിയൽ രേഖകളിലെ അപാകതകൾ പരിശോധിച്ചു.
ഏപ്രിൽ 23, 29 തീയതികളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാത്രം 27 ലക്ഷത്തിലധികം വോട്ടർമാരുടെ പേരുകളാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തത്. അർഹരായ എല്ലാ വോട്ടർമാർക്കും തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകി എന്ന് ഇലക്ഷൻ കമ്മീഷൻ ആവര്‍ത്തിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത് വെറും വാക്ക് മാത്രമാണെന്ന് വ്യക്തമാവുന്നു.
വെള്ളവും വെളിച്ചവുമില്ലാത്ത ഗ്രാമങ്ങൾ,
ഹിയറിങ് ഓൺലൈനിൽ ആവാമെന്ന്
25 ലക്ഷം അപ്പീലുകൾ പരിശോധിക്കാൻ കേവലം 19 ട്രൈബ്യൂണലുകൾ മാത്രം സ്ഥാപിച്ചിട്ടുള്ളത്. ഒച്ചിഴയും വേഗതയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. എന്നാൽ ഇതിന് അധികാരികൾ ഒരു ബദൽ നിര്‍ദ്ദേശിക്കുന്നു. പരാതിക്കാരുടെ ഹിയറിങ് ഓൺലൈനിൽ ആവാം എന്നാണ് അവകാശവാദം. ഫോൺ സൗകര്യങ്ങൾ പോലും അറിഞ്ഞിട്ടില്ലാത്ത അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങൾ ഇതോടെ കൂടുതൽ ആശയ കുഴപ്പത്തിൽ കഴിയുന്നു. പ്രത്യേകിച്ച് മാൽഡ, മുർഷിദാബാദ് പോലുള്ള സ്ഥലങ്ങളിൽ ഇതിനുള്ള സാങ്കേതിക അറിവോ സൗകര്യമോ ഇല്ല. ഇത്തരം സൗകര്യങ്ങളെ കുറിച്ച് കേട്ടുകേൾവിയും ഇല്ല. ട്രൈബ്യൂണലുകൾ വഴി വോട്ട് തിരികെ കിട്ടിയ 1,468 പേരിൽ 1,388 പേരും നഗരപ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഗ്രാമീണ മേഖലകളിൽ നിന്ന് കേവലം 42 പേർക്ക് മാത്രമാണ് വോട്ട് തിരികെ ലഭിച്ചത്. നിയമത്തിന്റെയോ പ്രക്രിയയുടെയോ സങ്കീർണ്ണത കാരണം സ്വാഭാവികമായി തന്നെ ആളുകൾക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന അവസ്ഥ സൃഷ്ടിച്ചെടുത്ത സാഹചര്യമായിരുന്നു. വെട്ടിമാറ്റപ്പെട്ടവര്‍ അധികവും ഇപ്പോൾ അധികാരത്തിലേറിയ സര്‍ക്കാരിന് വിരുദ്ധമായി വോട്ടു ചെയ്യാൻ സാധ്യതയുള്ള വോട്ടര്‍മാരായിരുന്നു.











0 comments