ബംഗാൾ പിടിച്ചത് എസ്‌ഐആർ വഴി
print edition 105 സീറ്റില്‍ ഭൂരിപക്ഷം വെട്ടിമാറ്റപ്പെട്ടവരേക്കാൾ കുറവ്


സ്വന്തം ലേഖകൻ
Published on May 07, 2026, 01:34 AM | 1 min read
ന്യൂഡൽഹി: പശ്‌ചിമ ബംഗാളിൽ ബിജെപി ജയിച്ച മണ്ഡലങ്ങളിൽ 105 ഇടത്ത് ഭൂരിപക്ഷം എസ്‌ഐആറിലൂടെ ഒഴിവാക്കപ്പെട്ട വോട്ടർമാരെക്കാൾ കുറവ്. ഇതിൽ 86 സീറ്റിൽ ബിജെപി ആദ്യമായാണ് ജയിച്ചത്. ആകെ 207 സീറ്റുനേടിയാണ് സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരം പിടിച്ചത്. ഇൗ വിജയത്തിന്റെ പ്രധാനകാരണം തെരഞ്ഞെടുപ്പ് കമീഷന്റെ ജനാധിപത്യവിരുദ്ധമായ എസ്‌ഐആർ ആണെന്ന് സ്ഥിരീകരിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.
ബിജെപിയുടെ ജയത്തിന് പിന്നിൽ അമിത് ഷായുടെ ‘ചാണക്യ തന്ത്രങ്ങളാണെന്ന്’ വാഴ്‌ത്തുന്ന മുഖ്യധാര മാധ്യമങ്ങൾ എസ്‌ഐആറിലൂടെ നടന്ന കൊടുംചതി കാണുന്നില്ല. ബംഗാളിൽ ആറ് മാസത്തിലധികം നീണ്ട എസ്‌ഐആർ പ്രക്രിയയിലൂടെ മൊത്തം 91 ലക്ഷം വോട്ടർമാരെയാണ് വെട്ടിയത്. ഇതിൽ 27 ലക്ഷം പേരുടെ കാര്യത്തിൽ ഇനിയും തീരുമാനമുണ്ടായിട്ടില്ല. പ്രത്യേക ട്രൈബ്യൂണലുകളാണ് തീരുമാനമെടുക്കേണ്ടത്.
ബംഗാളിൽ 15 വർഷം നീണ്ട തൃണമൂൽ കോൺഗ്രസ് ഭരണത്തിന് എതിരായ ജനവികാരവും ഇതിനൊപ്പം അലയടിച്ചു. ഇതോടെ, കഴിഞ്ഞ തവണ 215 സീറ്റ് നേടിയ തൃണമൂൽ ഇക്കുറി 80ൽ ഒതുങ്ങി. എന്നാൽ, ഭരണവിരുദ്ധവികാരം കൊണ്ടുമാത്രം ബിജെപിക്ക് അധികാരത്തിലേറാൻ സാധിക്കുമായിരുന്നില്ല. എസ്‌ഐആറിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ കൈയ്യിലുണ്ടായിരുന്ന 129 സീറ്റുകൾ ബിജെപിക്ക് ലഭിച്ചു.
സത്യപ്രതിജ്ഞ ശനിയാഴ്‌ച
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്‌ച ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് മമത ബാനർജി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മമത രാജി വെച്ചില്ലെങ്കിൽ ഗവർണർക്ക് അവരെ പുറത്താക്കാൻ ഭരണഘടനാപരമായ അധികാരമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമതയെ തോൽപ്പിച്ച സുവേന്ദു അധികാരിക്കാണ് കൂടുതൽ സാധ്യത. കേന്ദ്രനിരീക്ഷകനെന്ന നിലയ്‌ക്ക് അമിത് ഷാ ബിജെപിയുടെ ആദ്യ നിയമസഭാകക്ഷി സമ്മേളനത്തിന് മേൽനോട്ടം വഹിക്കും.










0 comments