ad
Deshabhimani

നാൽസാർ എൻ‍റോൾമെന്റ് വിവാദം; വിദ്യാർഥികളോട് മാപ്പുപറഞ്ഞ് ബാർ കൗൺസിൽ ചെയർപേഴ്‌സൺ

nalsar

photo credit: Wikimedia commons

വെബ് ഡെസ്ക്

Published on Aug 15, 2026, 09:20 PM | 1 min read

ഹൈദരാബാദ് : നാൽസാർ സർവകലാശാലയിലെ എൻ‍റോൾമെന്റ് വിവാദത്തിൽ വിദ്യാർഥികളോട് മാപ്പുപറഞ്ഞ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ മനൻ കുമാർ മിശ്ര. തന്റെ വാക്കുകൾ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടായെങ്കിൽ മാപ്പുപറയുന്നതായി മനൻ കുമാർ മിശ്ര കത്തിൽ പറഞ്ഞു.


ഹൈദരാബാദിലെ ഹൈദരബാദ് നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസര്‍ച്ച് യൂണിവേഴ്സിറ്റിയിലെ 2026 ബാച്ച് നിയമ വിദ്യാർഥികളുടെ എൻറോൾമെന്റ് തടയാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ തീരുമാനിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ മുഴുവൻ വിദ്യാർഥികളുടെയും എൻറോൾമെന്റ് തടയാൻ ബാർ കൗൺസിൽ നിർദേശിച്ചു. പ്രതിഷേധം ശക്തമായതോടെ മണിക്കൂറുകൾക്കകം ഉത്തരവ് പിൻവലിച്ചു.


വിവാദവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ മിശ്ര “nasty politics” എന്ന് വിശേഷിപ്പിച്ചതും വിമർശനത്തിന് കാരണമായി. നാൽസാറിലെയും ബംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയിലെയും വിദ്യാർഥികളും പൂർവവിദ്യാർഥികളും മിശ്ര മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. നാഷണൽ ലോ സ്കൂളിലെ ബിരുദദാനച്ചടങ്ങിൽ മിശ്ര പങ്കെടുക്കുന്നതിനെതിരെയും വിദ്യാർഥികൾ പ്രതിഷേധിച്ചു. തുടർന്നാണ് മാപ്പ് പറഞ്ഞ് മിശ്ര രം​ഗത്തെത്തിയത്.


അധികാരപരിധി മറികടന്നാണ് ബാർ കൗൺസിൽ വിദ്യാർഥികളുടെ എൻറോൾമെന്റ് തടഞ്ഞത്. വിഷയത്തിൽ സുപ്രീംകോടതിയും കൗൺസിലിന്റെ ഇടപെടലിനെ വിമർശിച്ചു. വിദ്യാർഥികൾക്ക് പ്രതിഷേധിക്കാനും അഭിപ്രായം പറയാനും അവകാശമുണ്ടെന്നും ബിസിഐയുടെ നടപടി അനാവശ്യമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home