നിയമ വിദ്യാര്‍ഥികൾക്ക് മേൽ പെരുമാറ്റ ചട്ടം നിശ്ചയിക്കാൻ ബാര്‍ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നിയമ വിദ്യാര്‍ഥികളുടെ പെരുമാറ്റ ചട്ടം നിശ്ചയിക്കാൻ ബാര്‍ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് എന്ത് അധികാരമെന്ന് സുപ്രീം കോടതി. വിദ്യാര്‍ഥികൾക്ക് നേരെയുള്ള ഏതൊരു അച്ചടക്ക നടപടിയും അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിര്‍ദ്ദേശിച്ചിട്ടുള്ള സ്വന്തം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി മാത്രമേ എടുക്കാവൂ എന്നും കോടതി പറഞ്ഞു.
നിയമ വിദ്യാര്‍ഥികളുടെ പെരുമാറ്റ ചട്ടം നിയന്ത്രിക്കാൻ ബാര്‍ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് നിയമപരമായി അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നാൽസാര്‍ യൂണിവേഴ്സിറ്റിയിലെ 2026 ബാച്ച് വിദ്യാര്‍ഥികളുടെ എൻറോൾമെന്റിന് എതിരെയാണ് ബിസിഐ സര്‍ക്കുലര്‍ ഇറക്കിയത്. ആഗസ്ത് 13 ന് വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങിൽ ചീഫ് ജസ്റ്റീസ് പങ്കെടുക്കുന്നതിന് എതിരെ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു ബിസിഐ പ്രതികാര നടപടി. ചടങ്ങിൽ ചീഫ് ജസ്റ്റീസ് പങ്കെടുക്കുന്നതിന് എതിരെ വിദ്യാര്‍ഥികൾ ഒപ്പു ശേഖരണം നടത്തിയിരുന്നു. ജന്തര്‍മന്തറിലെ പ്രക്ഷോഭത്തിനിടെ ചീഫ് ജസ്റ്റീസ് നടത്തിയ പരാമര്‍ശത്തിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.
Related News
ഈ പ്രശ്നത്തിൽ ഇടപെട്ട ബി സി ഐ പ്രതിഷേധിച്ച വിദ്യാര്‍ഥികൾക്ക് അഭിഭാഷകരായി എൻറോൾ ചെയ്യുന്നതിനുള്ള അവസരം നിഷേധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചതാണ് തുടര്‍ന്നുള്ള കേസിന് ആസ്പദമായത്. എന്നാൽ സുപ്രീം കോടതി കര്‍ശന നിലപാട് എടുത്തതോടെ ബിസിഐ ചെയര്‍മാൻ മനൻ കുമാര്‍ മിശ്ര വിദ്യാര്‍ഥികളോട് പരസ്യമായി മാപ്പ് അപേക്ഷിച്ചു.
അഭിഭാഷക മേഖലയെയും നിയമ വിദ്യാഭ്യാസ രംഗത്തെയും നിയന്ത്രിക്കാൻ ബിസിഐക്ക് കഴിയും. എന്നാൽ വിദ്യാര്‍ഥികളുടെ മേൽ അച്ചടക്ക നടപടിക്ക് അതത് സര്‍വ്വകലാശാലകൾക്ക് മാത്രമായിരിക്കും ഉത്തരവാദിത്തം എന്ന് കോടതി ഓര്‍മപ്പെടുത്തി.









0 comments