കുടിശ്ശികക്കാരും വെട്ടിപ്പുകാരും ആരൊക്കെ, ആർടിഐ വെളിപ്പെടുത്തലിനെതിരെ പ്രമുഖ ബാങ്കുകൾ

ന്യൂഡൽഹി:വായ്പാ കുടിശ്ശികക്കാർ (ഡിഫോൾട്ടർമാർ),നോൺ-പെർഫോമിംഗ് അസറ്റുകൾ (NPA),പിഴകൾ,ആർബിഐയുടെ ഇൻസ്‌പെക്ഷൻ റിപ്പോർട്ടുകൾ തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനെതിരെ കൂട്ടായ നീക്കവുമായി രാജ്യത്തെ പ്രമുഖ ബാങ്കുകൾ.
ബാങ്ക് ഓഫ് ബറോഡ,ആർബിഎൽ ബാങ്ക്,യെസ് ബാങ്ക്,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഉൾപ്പെടെപ്രമുഖ ബാങ്കുകളാണ് വിവരാവകാശ നിയമത്തിന് എതിരായ നീക്കത്തിന് പിന്നിൽ. വിവരങ്ങൾ മറച്ചു വെക്കാനുള്ള അവകാശം ഉന്നയിച്ച് അവര്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ (CIC)സമീപിച്ചു.
വിവരാവകാശ നിയമം (RTI Act)പ്രകാരം ഇത്തരം വിവരങ്ങൾ “വെളിപ്പെടുത്താവുന്നതാണെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിപലാടിനെ മറികടന്നാണ് വിവരങ്ങൾ മറച്ചു വെക്കാനുള്ള അവകാശത്തിനായുള്ള കൂട്ടായ നീക്കം.
യെസ് ബാങ്കിലെ മുൻനിര 100എൻപിഎ അക്കൗണ്ടുകൾ,മനപ്പൂർവ്വം കുടിശ്ശിക വരുത്തിയവരുടെ പട്ടിക,എസ്‌ബിഐയുടെയും ആർബിഎൽ ബാങ്കിന്റെയും ഇൻസ്‌പെക്ഷൻ റിപ്പോർട്ടുകൾ,സ്റ്റാറ്റ്യൂട്ടറി ഇൻസ്‌പെക്ഷനിൽ കണ്ടെത്തിയ ക്രമക്കേടുകൾ എന്നിവയാണ് വിവരാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നത്.
കുടിശ്ശിക പിരിക്കാത്തതിന് ബാങ്ക് ഓഫ് ബറോഡയ്ക്ക് ചുമത്തിയ 4.34കോടി രൂപ പിഴയുമായി ബന്ധപ്പെട്ട രേഖകളും ആവശ്യപ്പെട്ടു.ധീരജ് മിശ്ര,വാതിരാജ്,ഗിരീഷ് മിത്തൽ,രാധാ രാമൺ തിവാരി എന്നിവരാണ് ആര്‍ടിഎ നൽകിയിരുന്നത്.
വിവരങ്ങൾ പുറത്തുവിടുന്നത് ബാങ്കുകളുടെ വ്യാപാര താൽപര്യങ്ങൾക്കും മത്സര ശേഷിക്കും ദോഷം ചെയ്യുമെന്ന് വാദിച്ചാണ് ബാങ്കുകൾ അപ്പീൽ നൽകിയിരിക്കുന്നത്.ഇത് പ്രകാരം അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ വിവരങ്ങളുടെ വെളിപ്പെടുത്തൽ സിഇസി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്.
സുപ്രീം കോടതിയുടെ ജയന്തിലാൽ എൻ.മിസ്ട്രി vsആർബിഐ എന്ന കേസിലെ നിർണായക വിധി ചൂണ്ടിക്കാട്ടിയാണ് വിവരങ്ങൾ പുറത്തു വിടാം എന്ന നിലപാട് ആര്‍ബിഐ എടുത്തിരുന്നത്. എന്നാൽ കോടതിയുടെ ഈ വിധി തന്നെ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ഓഫ് ബറോഡ ഇതിനിടെ സുപ്രീം കോടതിയിലും കേസ് നൽകി. വിവരങ്ങൾ പുറത്ത് എത്തിക്കാനുള്ള നീക്കത്തിന് തടസ്സം തീര്‍ത്തു.
ബാങ്കുകളുടെ കൂട്ടായ നീക്കത്തിന് പിന്നാലെ, തര്‍ക്കം ഫുൾ ബഞ്ച് പരിഗണിക്കുമെന്ന് ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ഖുഷ്വന്ത് സിംഗ് സെതി ഉത്തരവിട്ടിരിക്കയാണ്.
ഈ കേസുകളിലെ അന്തിമ തീരുമാനം,ബാങ്കിംഗ് മേഖലയിലെ സുതാര്യത,നിക്ഷേപകരുടെ അവകാശങ്ങൾ,നിയന്ത്രണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം എന്നിവയിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.










0 comments