ബാന്ദ്രയിലെ കുടിയൊഴിപ്പിക്കൽ ക്രൂരത; പ്രദേശവാസികളായ 16 പേർ അറസ്റ്റിൽ

ഗരീബ് നഗറിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് ലത്തി ചാർജ് നടത്തുന്നു (Photo:ANI)
മുംബൈ: ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗരീബ് നഗർ ചേരിയിൽ പശ്ചിമ റെയിൽവേ അധികൃതർ നടത്തിയ കുടിയൊഴിപ്പിക്കലിനിടെയുണ്ടായ സംഘർഷത്തിൽ 16 പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനു നേരെ കല്ലെറിഞ്ഞെന്നും അക്രമം അഴിച്ചുവിട്ടെന്നുമാരോപിച്ചാണ് പ്രദേശവാസികൾക്കെതിരെ നിർമൽ നഗർ പൊലീസ് കേസെടുത്തത്. കലാപം ഉണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, സർക്കാർ ജീവനക്കാരുടെ ജോലി തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗരീബ് നഗർ ചേരിയിൽ അധികൃതർ നടത്തിയ ഏകപക്ഷീയമായ കുടിയൊഴിപ്പിക്കൽ നടപടിക്കെതിരെ വലിയ ജനകീയ പ്രതിരോധമുണ്ടായിരുന്നു. പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ പൊലീസ് ലത്തിച്ചാർജ് നടത്തി. ബോംബെ ഹൈക്കോടതി ഉത്തരവിന്റെ മറവിൽ പശ്ചിമ റെയിൽവേ അധികൃതർ നടത്തുന്ന കുടിയൊഴിപ്പിക്കലിനെതിരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രദേശവാസികൾ ശക്തമായി രംഗത്തിറങ്ങുകയായിരുന്നു. യാതൊരുവിധ പുനരധിവാസ സൗകര്യങ്ങളും ഉറപ്പാക്കാതെ സാധാരണക്കാരുടെ കിടപ്പാടം തട്ടിയെടുക്കാനുള്ള നീക്കമാണ് സംഘർഷത്തിന് കാരണമായത്.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 5,200 ചതുരശ്ര മീറ്റർ ഭൂമിയിലെ കൈയേറ്റം ഒഴുപ്പിക്കുന്നു എന്ന പേരിലാണ് ചൊവ്വാഴ്ച മുതൽ ജെസിബി ഉപയോഗിച്ച് പൊളിക്കൽ നടപടികൾ ആരംഭിച്ചത്. വർഷങ്ങളായി ഇവിടെ താമസിക്കുന്ന അഞ്ഞൂറോളം ദരിദ്ര കുടുംബങ്ങളുടെ കുടിലുകളാണ് അധികൃതർ തകർത്തത്. മൂന്ന് നിലകളുള്ള പഴയ ഗരീബ് നഗർ സുന്നി മസ്ജിദ് കൂടി പൊളിച്ചുമാറ്റാൻ നീക്കം തുടങ്ങിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. പള്ളിക്കുള്ളിലെ സാധനങ്ങൾ പോലും മാറ്റാൻ മതിയായ സമയം നൽകാതെയാണ് റെയിൽവേയും പൊലീസും അതിക്രമിച്ചു കയറിയതെന്ന് പ്രദേശവാസികൾ പറയുന്നു.










0 comments