മതം മാറിയവർക്ക് പിന്നാക്ക പദവി നൽകുന്നതിൽ തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മതം മാറിയവർക്ക് പിന്നാക്ക വിഭാഗ പദവി അവകാശപ്പെടാൻ കഴിയില്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. മതം മാറിയവർക്ക് പിന്നാക്ക വിഭാഗത്തിനുള്ള സംവരണ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് വ്യക്തമാക്കി 2024-ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഈ ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. തൂത്തുക്കുടി സ്വദേശിയായ ഒരാൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന വിധി. മതം മാറിയ ശേഷം 'മുസ്ലിം ലെബ്ബായി' എന്ന വിഭാഗത്തിൽപ്പെട്ടയാളാണെന്ന് കാണിച്ച് ഇയാൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു.
എന്നാൽ തഹസിൽദാർ ഇത് തള്ളിയതോടെയാണ് നിയമനടപടികളിലേക്ക് നീങ്ങിയത്. മതം മാറിയ വ്യക്തികൾ പഴയ മതത്തിലെ ജാതി പദവിയോ ആനുകൂല്യങ്ങളോ തുടർന്നും അവകാശപ്പെടാൻ അർഹരല്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
ഇസ്‌ലാം മതം ഒരു സമത്വവാദി സമൂഹത്തെ വിഭാവനം ചെയ്യുന്ന ഒന്നാണെന്നും, അതിൽ ജാതി ശ്രേണികൾ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഇസ്‌ലാമിലെ ചില വിഭാഗങ്ങളെ മാത്രം പിന്നാക്കമായി കാണുന്നത് ഇസ്‌ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.
ഈ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തു. നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഈ കേസ്, മതം മാറിയവർക്ക് പിന്നാക്ക സംവരണം ലഭിക്കുമോ എന്ന കാര്യത്തിൽ നിർണ്ണായകമാകും.










0 comments