print edition 'ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിച്ചാൽ ഫണ്ട് തരാം' ; തെലങ്കാനയിൽ വിവാദ പ്രസ്‌താവനയുമായി കേന്ദ്രമന്ത്രി

ഹൈദരാബാദ്
വോട്ട് തന്നാൽ ഫണ്ട് തരാമെന്ന വിവാദപ്രസ്‍താവനയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും തെലങ്കാനയിലെ ബിജെപി നേതാവുമായ ബണ്ഡി സഞ്ജയ് കുമാർ. തന്റെ ലോക്‌സഭാ മണ്ഡലമായ കരിംനഗറിലെ വോട്ടര്‍മാരോടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചാൽ 10 ലക്ഷം രൂപ വീതം എംപി ഫണ്ട് നൽകാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞത്.
‘ബിജെപി പിന്തുണയ്‌ക്കുന്ന സര്‍പഞ്ചിനെ ഏകകണ്ഠമായി തെരഞ്ഞെടുത്താൽ ആ ഗ്രാമത്തിന് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ എംപി ഫണ്ടിൽനിന്ന് ഒട്ടുംവൈകാതെ നേരിട്ട് അനുവദിക്കും. നിങ്ങളുടെ എംപിയെന്ന നിലയിൽ എന്റെ കൈയിൽ ഫണ്ട് ഉണ്ട്. കേന്ദ്രമന്ത്രിയെന്ന നിലയിൽ പഞ്ചായത്തുകളുടെ വികസനത്തിനായി കൂടുതൽ കേന്ദ്രഫണ്ട് ഉറപ്പാക്കും’ കേന്ദ്രമന്ത്രി പറഞ്ഞു.
ഡിസംബറിൽ മൂന്ന് ഘട്ടമായാണ് തെലങ്കാനയിൽ തദ്ദേശ തെരഞ്ഞെടുപ്പ്. മറ്റുപാര്‍ടികളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചാൽ ഫണ്ട് തരില്ലെന്ന ഭീഷണിയാണ് കേന്ദ്രമന്ത്രിയുടേതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
മഹാരാഷ്‌ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്‍തില്ലെങ്കിൽ സര്‍ക്കാര്‍ ഫണ്ട് തരില്ലെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു.









0 comments