ad
Deshabhimani

print edition അയോദ്ധ്യ രാമക്ഷേത്രക്കൊള്ള; ക്ഷേത്ര ട്രസ്റ്റ് ചോദ്യമുനയിൽ

Ayodhya Temple Donation Row
വെബ് ഡെസ്ക്

Published on Jul 14, 2026, 12:39 AM | 1 min read

ന്യൂഡൽഹി: ​അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ ക്ഷേത്രം ട്രസ്റ്റ്‌ ഭാരവാഹികളെയും ബാങ്ക്‌ ഉദ്യോഗസ്ഥരെയും വിശദമായി ചോദ്യം ചെയ്യാൻ എസ്‌ഐടി. ട്രസ്‌റ്റ്‌ ഭാരവാഹികളെയും കാണിക്ക സംവിധാനത്തിന്‌ മേൽനോട്ടം വഹിച്ചിരുന്നവരെയും എസ്‌ബിഐ നയാഘാട്ട്‌ ശാഖയിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.


തട്ടിപ്പിന്‌ ഇടയാക്കിയ ഗുരുതര സുരക്ഷാവീഴ്‌ചകൾ, പ്രതികളുടെ ദുരൂഹമായ സാന്പത്തിക ഇടപാട്‌, ഭൂമി വാങ്ങൽ തുടങ്ങിയ കാര്യങ്ങളാണ്‌ അന്വേഷിക്കുന്നത്‌. ട്രസ്‌റ്റ്‌ ഭാരവാഹികളെയും അംഗങ്ങളെയും കാണിക്ക നിക്ഷേപിച്ചിരുന്ന ബാങ്കിന്റെ ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യും. രാമക്ഷേത്രത്തിലെ തട്ടിപ്പിൽ കാണിക്ക എണ്ണിയ ജീവനക്കാരിൽ മാത്രമാണ്‌ എസ്‌ഐടി മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്‌. ട്രസ്‌റ്റ്‌ നിയന്ത്രിച്ച മുതിർന്ന ആർഎസ്‌എസ്‌ നേതാക്കളായ ചന്പത്‌ റായിയെയും അനിൽ മിശ്രയെയും രക്ഷിക്കാനാണിതെന്ന വിമർശമുണ്ട്‌.


​ട്രസ്‌റ്റ്‌ പിരിച്ചുവിടണം: 
ഹിന്ദുമഹാസഭ


​രാമക്ഷേത്രത്തിലെ നിലവിലെ ട്രസ്‌റ്റ്‌ പിരിച്ചുവിടണമെന്നും കാണിക്കത്തനട്ടിപ്പിൽ സുപ്രീംകോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ഹിന്ദു മഹാസഭ രാഷ്ട്രപതിക്ക്‌ നിവേദനം നൽകി. ഫത്തേപുരിലെ ഹിന്ദു മഹാസഭ ഭാരവാഹികളാണ്‌ ഇ‍ൗ ആവശ്യമുന്നയിച്ച്‌ ജില്ലാ മജിസ്‌ട്രേറ്റ്‌ മുഖേന രാഷ്ട്രപതിക്ക്‌ നിവേദനം നൽകിയത്‌.


​സിഇഒ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു


രാമക്ഷേത്ര ഭരണനിർവഹണത്തിന്‌ മേൽനോട്ടം വഹിക്കാൻ ചീഫ്‌ എക്‌സിക്യൂടീവ്‌ ഓഫീസർ തസ്‌തികയിലേക്ക്‌ അപേക്ഷകൾ ക്ഷണിച്ച്‌ ക്ഷേത്രംട്രസ്‌റ്റ്‌. അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദവും ഭരണനിർവഹണ, സാന്പത്തിക മേഖലകളിൽ 20 വർഷം പ്രവൃത്തിപരിചയവും വേണം. മൂന്നുവർഷത്തേക്കാണ്‌ നിയമനം.


നിയമനകാലയളവിൽ സിഇഒ അയോധ്യയിൽ തങ്ങണം. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങൾ, ട്രസ്‌റ്റ്‌ തീരുമാനം നടപ്പിലാക്കൽ, ജീവനക്കാരുടെ മേൽനോട്ടം, മതപരമായ ചടങ്ങുകളും പൊതുജനസ‍ൗകര്യങ്ങളും ഏകോപിപ്പിക്കൽ തുടങ്ങിയ ചുമതല നിർവഹിക്കണം. സത്യസന്ധത, ആർജവം, നേതൃത്വഗുണം തുടങ്ങിയ യോഗ്യതകളും വേണമെന്ന്‌ പരസ്യത്തിൽ പറയുന്നു.


​ആർഎസ്‌എസ്‌ 
മാപ്പ്‌ പറയണം


​രാമക്ഷേത്ര തട്ടിപ്പിൽ ദുഃഖിക്കുന്നുവെന്ന്‌ പറഞ്ഞ ആർഎസ്‌എസ്‌ തട്ടിപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ പൊതുസമൂഹത്തോട്‌ മാപ്പ്‌ പറയണമെന്ന ആവശ്യം വിവിധ കോണിൽ നിന്നുയരുന്നു. കർണാടകത്തിൽ നടന്ന പ്രാന്ത പ്രചാരക്‌ സമ്മേളനത്തിലാണ്‌ കാണിക്കക്കൊള്ളയിൽ ആർഎസ്‌എസ്‌ അതീവ ദുഃഖം രേഖപ്പെടുത്തിയത്‌. എന്നാൽ, കാണിക്കക്കൊള്ളയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ആർഎസ്‌എസ്‌ മാപ്പ്‌ പറയണമെന്ന്‌ കർണാടകമന്ത്രി പ്രിയങ്ക്‌ ഖാർഗെ ആവശ്യപ്പെട്ടു. മാപ്പ്‌ പറയാൻ ആർഎസ്‌എസുകാർ മിടുക്കൻമാരാണെന്നും അദ്ദേഹം പരിഹസിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home