അയോധ്യ രാമക്ഷേത്രത്തിന് ഇതുവരെ ചെലവാക്കിയത് 1900 കോടി; നിർമ്മാണം ഏപ്രിൽ 30-ഓടെ പൂർത്തിയാകും

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണം ഏപ്രിൽ 30-ഓടെ പൂർണ്ണമായും പൂർത്തിയാകുമെന്ന് ക്ഷേത്രട്രസ്റ്റ്. നിലവിൽ ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം പൂർത്തിയായതായും അവസാന ഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടന്നു വരുന്നതെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്രത്തിന്റെ മൂന്ന് നിലകളും അഞ്ച് മണ്ഡപങ്ങളും പൂർത്തിയായിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിന് ചുറ്റുമുള്ള 795 മീറ്റർ നീളമുള്ള മതിൽക്കെട്ട് നിർമ്മാണവും അവസാന ഘട്ടത്തിലാണ്. ഏപ്രിൽ മാസത്തോടെ ക്ഷേത്ര സമുച്ചയത്തിനുള്ളിലെ മറ്റ് ഏഴ് ഉപക്ഷേത്രങ്ങളുടെ നിർമ്മാണവും പൂർത്തിയാകും.
ഏപ്രിൽ 6-ന് രാമനവമി ആഘോഷങ്ങൾക്ക് മുന്നോടിയായി കെട്ടിടത്തിന്റെ പണി പൂർണമായും തീർക്കാനാണ് തീരുമാനം. ക്ഷേത്ര നിർമ്മാണത്തിനായി ഇതുവരെ ഏകദേശം 1,900 കോടി രൂപ ചെലവായതായി ട്രസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതിൽ വിഗ്രഹ പ്രതിഷ്ഠയ്ക്കും നിർമ്മാണത്തിനുമായി വലിയൊരു തുക വിനിയോഗിച്ചിട്ടുണ്ട്.
ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഏകദേശം 300 കോടി രൂപ കൂടി വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ക്ഷേത്രത്തിന്റെ ഓരോ തൂണുകളിലും ഭിത്തികളിലും നടത്തുന്ന കൊത്തുപണികൾക്കായി രാജസ്ഥാനിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളാണ് നേതൃത്വം നൽകുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്ഷേത്ര പരിസരം വികസിപ്പിക്കുന്നത്. അമ്പലം സ്ഥിതിചെയ്യുന്ന ഉത്തർപ്രദേശിൽ അടിസ്ഥാനസൗകര്യങ്ങൾ അംഗീയറ്റം പരിതാപകരമാണ് എന്നിരിക്കെയാണ് ഭക്തിയുടെ പേരിൽ സർക്കാരിന്റെ ഒത്താശയോടെ അമ്പലത്തിൽ ആഡംബര നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.
സംസ്ഥാനത്തെ സ്കൂളുകളുടെയും ആശുപത്രികളുടെയും പൊതുഗതാഗതസംവിധാനങ്ങളുടെയും ശോചനീയാവസ്ഥയ്ക്കിടയിലും ക്ഷേത്രനിർമാണത്തിനായി കോടികൾ വിനിയോഗിക്കുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.










0 comments