print edition അയോധ്യ രാമക്ഷേത്രക്കൊള്ള; മോദിക്കും ആദിത്യനാഥിനും ഒഴിഞ്ഞുമാറാനാകില്ല: കിസാൻ സഭ

എ ഐ നിർമിത ചിത്രം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യയ്ക്ക് ദുഷ്‌പേരുണ്ടാക്കിയെന്നും അഴിമതിയുടെ ഉത്തരവാദിത്വത്തിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി ആദിത്യനാഥിനും ഒഴിയാനാകില്ലെന്നും അഖിലേന്ത്യാ കിസാൻ സഭ. ഏറ്റവുംവലിയ ഭൂമി കുംഭകോണം കൂടിയാണ് അയോധ്യയിൽ നടന്നത്. ഇതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് നേരിട്ട് പങ്കുണ്ട്.
2021-ൽ ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിവാദ ഭൂമി ഇടപാടുകളിൽ ഗുജറാത്തിൽനിന്നുള്ള വ്യാപാരികളുടെയും വ്യവസായികളുടെയും പങ്കാളിത്തം തെളിയുന്നുണ്ട്. അയോധ്യയിൽനിന്ന് ആയിരക്കണക്കിന് കുടുംബങ്ങളെയും ചെറുകിട കച്ചവടക്കാരെയും മറ്റ് താമസക്കാരെയും ബലംപ്രയോഗിച്ച് ഒഴിപ്പിച്ചതും ഭൂമി കൈയേറ്റത്തിന്റെ ഭാഗമായാണ്.
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇൗ കൊള്ളയുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. അഴിമതിക്ക് കൂട്ടുനിന്ന ആദിത്യനാഥ് അടിയന്തരമായി രാജിവച്ച് നിക്ഷ്‌പക്ഷ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, ദേശീയ ജോയിന്റ് സെക്രട്ടറിമാരായ ബാദൽ സരോജ്, മുകുത് സിങ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.










0 comments