ad
Deshabhimani

print edition രാമൻ സാക്ഷി

a
avatar
എം അഖില്‍

Published on Jul 10, 2026, 12:12 AM | 2 min read

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രം കേന്ദ്രീകരിച്ച്‌ ആർഎസ്‌എസ്‌ നേതാക്കൾ നടത്തുന്ന അഴിമതിക്കും ക്രമക്കേടിനും വർഷങ്ങളുടെ പഴക്കമുണ്ട്‌. സംഘപരിവാറിന്റെ ആശിർവാദത്തോടെ കേന്ദ്രസർക്കാർ രൂപീകരിച്ച ട്രസ്റ്റിനുകീഴിലെ തട്ടിപ്പുകൾ തടസ്സമില്ലാതെ തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത്‌ കൊട്ടിഘോഷിച്ച്‌ നടത്തിയ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ പേരിലും കോടികൾ തട്ടി. വിശ്വാസപൂർവം സമർപ്പിച്ച രാമപാദുകവും രാംചരിത്‌മാനസും (തുളസീദാസ രാമായണം) കട്ടു.


180 ദിവസം സൂക്ഷിക്കേണ്ട ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ 40 മുതൽ 45 ദിവസംവരെ മാത്രമാണ്‌ നിലനിർത്തിയത്‌. 40 ദിവസത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന്‌ മാത്രം 70 തവണ പണം കടത്തിയ വിവരവും പുറത്തുവന്നു.


വിശ്വാസികൾ കാണിക്കയായി സമർപ്പിച്ച പണവും സ്വർണവും വെള്ളിയും വിലപിടിപ്പുള്ള ഉപഹാരങ്ങളും ആവിയായി. ഉപഹാരങ്ങൾക്ക്‌ രസീത്‌ കിട്ടിയവരും കിട്ടാത്തവരുമുണ്ട്‌. കോടിക്കണക്കിന്‌ രൂപ ചെലവഴിച്ച്‌ നിർമിച്ച ഉപഹാരങ്ങൾ എവിടെയാണെന്ന്‌ ചോദിച്ച വിശ്വാസികൾക്ക് ട്രസ്റ്റ്‌ അംഗങ്ങളുടെ വക ശകാരവും. കാണിക്കക്കൊള്ളയ്‌ക്കുമുന്പ്‌ അയോധ്യ കേന്ദ്രീകരിച്ച്‌ കോടികളുടെ ഭൂമി കുംഭകോണവും നിർമാണസാമഗ്രികൾക്ക്‌ വൻതുക കമീഷൻ അടിച്ചതായും വെളിപ്പെട്ടു. ആസൂത്രിത കുറ്റകൃത്യങ്ങളാണ്‌ അയോധ്യയിൽ നടക്കുന്നത്. കാണിക്ക എണ്ണിതിട്ടപ്പെടുത്താൻ നിയമിച്ച ചില ജീവനക്കാരുടെ തട്ടിപ്പ്‌ മാത്രമായി വിഷയം ലഘൂകരിക്കാനാണ്‌ കേന്ദ്രസർക്കാരും യുപി സർക്കാരും ശ്രമിക്കുന്നത്‌.


കൊള്ള പുറംലോകം അറിഞ്ഞതിങ്ങനെ


ജൂൺ ആദ്യം

സമൂഹമാധ്യമങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും കാണിക്കക്കൊള്ളയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിച്ചു. എസ്‌പി നേതാവ്‌ അഖിലേഷ്‌ യാദവ്‌ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയതോടെ ദേശീയതലത്തിൽ ചർച്ചയായി.

ജൂൺ 8

ട്രസ്റ്റ്‌ ജനറൽസെക്രട്ടറി ചന്പത്‌ റായ്‌ ആരോപണം തള്ളി രംഗത്ത്. (പിന്നീട്‌, എസ്‌ഐടി മുന്പാകെ ഹാജരായ ചന്പത്‌ റായ് കാണിക്കക്കൊള്ളയെ കുറിച്ച്‌ മേയ്‌ അവസാനം തന്നെ ധാരണയുണ്ടായിരുന്നെന്ന്‌ സമ്മതിച്ചു)

ജൂൺ 9

ബിജെപി മുതിർന്ന നേതാവ്‌ രജനീഷ്‌ സിങ് ഉൾപ്പടെയുള്ളവർ ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ കത്തെഴുതി. ട്രസ്‌റ്റ്‌ മുൻ അക്ക‍ൗണ്ടന്റ്‌ മഹിപാൽ സിങ് രാമക്ഷേത്രത്തിൽ സംഭാവന കൊള്ള നടക്കുന്നുണ്ടെന്ന്‌ വെളിപ്പെടുത്തി.

ജൂൺ 13

യുപി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു. വിരമിച്ച ജഡ്‌ജിമാരുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും കേന്ദ്രഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യവും തള്ളി.


ജൂൺ 23

എസ്‌ഐടി പ്രാഥമികാന്വേഷണ റിപ്പോർട്ട്‌ കൈമാറി. കാണിക്കവഞ്ചികളിൽനിന്ന്‌ ജീവനക്കാർ 70ലേറെ തവണ പണം മോഷ്ടിച്ചെന്നും വസ്‌ത്രങ്ങളിലും ഷൂസുകളിലും മറ്റും ഒളിപ്പിച്ച്‌ കടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ട്രസ്‌റ്റ്‌ അംഗവും ആർഎസ്‌എസ്‌ നേതാവുമായ അനിൽമിശ്ര ഉൾപ്പടെയുള്ളവർക്ക്‌ വലിയ വീഴ്‌ച ഉണ്ടായതായെന്നും റിപ്പോർട്ടിലുണ്ട്.

ജൂൺ 25

എട്ട്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തു. കാണിക്ക എണ്ണി തിട്ടപ്പെടുത്താൻ നിയോഗിക്കപ്പെട്ട, ചന്പത്‌റായിയുടെ ഡ്രൈവറായിരുന്ന ടിന്നു യാദവ്‌ ഉൾപ്പെടെയുള്ളവരാണ്‌ അറസ്‌റ്റിലായത്‌. ചന്പത്‌ റായ്, അനിൽ മിശ്ര, ഗോപാൽ റാവു തുടങ്ങിയ വന്പൻസ്രാവുകളെ തൊടാൻ എസ്‌ഐടി തയ്യാറായില്ല. ജൂൺ 26ന്‌ ചന്പത്‌റായിയും അനിൽമിശ്രയും ട്രസ്‌റ്റ്‌ പദവികൾ രാജിവച്ചു. ചന്പത്‌റായി ഉൾപ്പെടെയുള്ളവരെ ജയിലിൽ അടയ്‌ക്കണമെന്ന്‌ ബജ്‌റംഗ്‌ദൾ സ്ഥാപകനേതാവും ബാബ്‌റി മസ്‌ജിദ്‌ തകർത്ത ഗൂഢാലോചനകേസിലെ പ്രതിയുമായ വിനയ്‌ കത്യാർ ആവശ്യപ്പെട്ടു.

ജൂലൈ 6

ട്രസ്‌റ്റിന്റെ നിർണായക യോഗം ചന്പത്‌റായിയുടെയും അനിൽമിശ്രയുടെയും രാജി സ്വീകരിച്ചു. ആർഎസ്‌എസ്‌ നേതാവായ കൃഷ്‌ണമോഹനെ ഇടക്കാല സെക്രട്ടറിയാക്കി. ക്ഷേത്രഭരണത്തിൽ കൈകടത്തരുതെന്ന്‌ വിഎച്ച്‌പി ഭീഷണിമുഴക്കി. പ്രധാനമന്ത്രിയോ ആർഎസ്‌എസ്‌ തലവനോ അതുവരെ ഇ‍ൗ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുധർമത്തെ തകർക്കാൻ നോക്കുന്നുവെന്ന്‌ ആർഎസ്‌എസ്‌ ജനറൽസെക്രട്ടറി ദത്താത്രേയ ഹൊസബലെ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home