ad
Deshabhimani

print edition വ്യാജ രസീതുകൾ വഴിയും പണംതട്ടി

AYODHYA TEMPLE.
വെബ് ഡെസ്ക്

Published on Jul 09, 2026, 12:25 AM | 2 min read

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ ശതകോടികളുടെ കൊള്ളയ്ക്കുപുറമേ വ്യാജ രസീതുകളുണ്ടാക്കിയും വിശ്വാസികളിൽനിന്ന്‌ പണംതട്ടി. ആർഎസ്‌എസ്‌ നേതൃത്വം നൽകുന്ന ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്‌റ്റിന്റെ പേരും ലോഗോയും ക്ഷേത്രത്തിന്റെയും ശ്രീരാമന്റെയും ചിത്രങ്ങളുമുള്ള വ്യാജ രസീതുകളുപയോഗിച്ച്‌ സംഭാവനകൾ സ്വീകരിച്ചതായി പ്രത്യേക അന്വേഷകസംഘം കണ്ടെത്തി. ട്രസ്റ്റ്‌ മുൻ ജനറൽസെക്രട്ടറിയും ആർഎസ്‌എസ്‌ നേതാവുമായ ചന്പത്‌ റായിയുടെ അനുയായി ടിന്നു യാദവാണ്‌ തട്ടിപ്പിന്‌ നേതൃത്വം നൽകിയത്‌. ടിന്നു യാദവ്‌ ഉൾപ്പടെയുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.


യഥാർഥ രസീതുകളുമായി വലിയസാമ്യമുള്ളതിനാൽ സംഭാവനനൽകിയവർക്ക്‌ സംശയമുണ്ടായില്ല. എത്ര ര‍ൂപ തട്ടിച്ചെന്ന കാര്യം പരിശോധിച്ച്‌ വരികയാണ്‌. ഇതുവരെ ലഭിച്ച തെളിവ്‌ പ്രകാരം കാണിക്കയെണ്ണുന്ന ജോലിക്കാർ മാത്രം പല വഴികളിലൂടെ മൂന്ന്‌ കോടി വരെ തട്ടി. കൊള്ളയുടെ ഉത്തരവാദിത്വം ട്രസ്‌റ്റ്‌ അംഗവും ആർഎസ്‌എസ്‌ നേതാവുമായ അനിൽ മിശ്രയുടെ തലയിലിട്ട്‌ തടിയൂരാൻ ചന്പത്‌ റായ്‌ നീക്കംതുടങ്ങി. തട്ടിപ്പുമായി നേരിട്ട്‌ ബന്ധമില്ലെന്നും അനിൽ മിശ്രയാണ്‌ ഉത്തരവാദിയെന്നുമാണ്‌ ചന്പത്‌ റായ്‌ എസ്‌ഐടിയോട്‌ പറഞ്ഞത്‌.


പണമെണ്ണൽ, സുരക്ഷ ഉറപ്പാക്കൽ, ബാങ്കിലേക്ക്‌ കൊണ്ടുപോകൽ തുടങ്ങിയ കാര്യങ്ങളുമായി ബന്ധമില്ല. ബാങ്കുമായി ഉണ്ടാക്കിയ ധാരണപത്രത്തിൽ ഒപ്പിട്ടിട്ടുള്ളത്‌ അനിൽ മിശ്രയാണ്‌. അദ്ദേഹവും ബാങ്ക്‌ ഉദ്യോഗസ്ഥരും കൂടിയാണ്‌ കാര്യങ്ങൾ തീരുമാനിച്ചിരുന്നത്‌ – ചന്പത്‌ റായ്‌ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അനിൽ മിശ്രയെ ഉടൻ ചോദ്യം ചെയ്‌തേക്കും.

മുഖ്യപ്രതി കാണിക്ക എണ്ണിയ ആൾ

രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയിലെ മുഖ്യപ്രതി അവിനാശ്‌ ശുക്ലയെന്ന്‌ എസ്‌ഐടിയുടെ പ്രാഥമിക അന്വേഷണറിപ്പോർട്ടിൽ പറയുന്നു. ആർഎസ്‌എസ്‌ നേതാക്കളായ ചന്പത്‌ റായി, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരുടെ പങ്ക്‌ വിശദമായി അന്വേഷിക്കണമെന്ന ആവശ്യങ്ങൾ തള്ളിയാണ്‌ കാണിക്കയെണ്ണുന്നയാളെ മുഖ്യപ്രതിയാക്കിയത്‌. യുപി സർക്കാർ രൂപീകരിച്ച എസ്‌ഐടിയുടെ അന്വേഷണത്തിന്റെ വിശ്വാസ്യത സംബന്ധിച്ച്‌ വലിയ വിമർശ മുയരുന്നുണ്ട്.


ക്ഷേത്രത്തിന് സിഇഒ വരും
എതിർത്ത് വിഎച്ച്പി


​അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയും ക്രമക്കേടും നാണക്കേടായതോടെ യുപി സർക്കാരിനെ നോക്കുക്കുത്തിയാക്കി മുഖംമിനുക്കൽ നടപടിക്ക്‌ നിർദേശിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌. ക്ഷേത്രത്തിൽ സിഇഒ തസ്‌തിക സൃഷ്ടിക്കണം, ഭരണനിർവഹണത്തെക്കുറിച്ച്‌ വിശദ റിപ്പോർട്ട്‌ കൈമാറണമെന്നതുൾപ്പെടെയാണ്‌ ആവശ്യം. പിന്നാലെ രാമക്ഷേത്ര ട്രസ്റ്റ്‌ സിഇഒയെ ശുപാർശചെയ്യാൻ മൂന്നംഗ സമിതി രൂപീകരിച്ചു.


വിഎച്ച്‌പിക്ക്‌ ഈ നീക്കത്തിൽ കടുത്ത എതിർപ്പുണ്ട്‌. സിഇഒയെ നിയമിക്കാൻ ആലോചനയുണ്ടെന്ന്‌ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ക്ഷേത്രനിർമാണ സമിതി ചെയർമാനുമായ നൃപേന്ദ്ര മിശ്ര നേരത്തെ വെളിപ്പെടുത്തിയിരുന്നു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ കൂടിയായ മഹന്ത്‌ നൃത്യഗോപാൽ ദാസ്‌ ഇ‍ൗ നീക്കത്തെ എതിർക്കുകയായിരുന്നു.


സുപ്രീംകോടതി നിർദേശപ്രകാരം 2020ൽ കേന്ദ്രസർക്കാരാണ്‌ ട്രസ്റ്റ്‌ രൂപീകരിച്ചത്‌. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി പ്രശാന്ത്‌ ലോഘണ്ഡേ, ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഡീഷണൽ ചീഫ്‌ സെക്രട്ടറി സഞ്‌ജയ്‌ പ്രസാദ്‌,‍ അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ്‌ ശശാങ്ക്‌ ത്രിപാഠി എന്നിവർ ട്രസ്‌റ്റിൽ അംഗങ്ങളാണ്‌. ഇതിനുപുറമേയാണ്‌ സിഇഒയെന്ന പേരിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനെക്കൂടി നിയമിക്കുക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home