ad
Deshabhimani

ബൈക്കും സ്കൂട്ടറും കൂടുതൽ പ്രശ്നത്തിലാവും

ഇ20 പെട്രോളിനെ കാര്‍ നിര്‍മ്മാതാക്കൾ എതിര്‍ത്തിരുന്നു, നീതി അയോഗ് റിപ്പോര്‍ട് പുറത്ത്

e 20
വെബ് ഡെസ്ക്

Published on Jul 06, 2026, 03:07 PM | 3 min read

ന്യൂഡൽഹി: രാജ്യം ഉയർന്ന എഥനോൾ മിശ്രിതമുള്ള ഇന്ധനങ്ങളിലേക്ക് മാറുമ്പോൾ നിലവിലുള്ള കോടിക്കണക്കിന് വാഹനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും മുൻനിർത്തി പഴയ 10% എഥനോൾ അടങ്ങിയ പെട്രോൾ പെട്രോൾ സംരക്ഷണ ഇന്ധനമായി വിപണിയിൽ തുടരണമെന്ന് വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം ആവശ്യപ്പെട്ടിരുന്നതായി വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്.


ഇ20 പെട്രോൾ വാഹനങ്ങൾക്ക് വ്യാപകമായ എഞ്ചിൻ തകരാറുകൾ ഉണ്ടാക്കുന്നുവെന്ന പ്രചാരണങ്ങളെ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 2021-ലെ നിതി ആയോഗിന്റെ 'റോഡ്മാപ്പ് ഫോർ എഥനോൾ ബ്ലെൻഡിംഗ് ഇൻ ഇന്ത്യ: 2020-25' എന്ന റിപ്പോർട്ടിലെ സിയാമിന്റെ ശുപാർശകൾ അടങ്ങുന്ന ഭാഗം പുറത്തെത്തിയത്. സിയാമിന്റെ മുന്നറിയിപ്പുകൾ തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇ20 അടിച്ചേൽപ്പിക്കൽ തീരുമാനവുമായി മുന്നോട്ട് പോയത്. ശാസ്ത്രീയ വിലയിരുത്തലുകൾക്കോ ചര്‍ച്ചകൾക്കോ പരീക്ഷണങ്ങൾക്കോ തയാറായില്ല.


അടുത്തിടെ ഇന്ധനത്തിന് പൂര്‍ണമായും ഇന്ത്യയെ ആശ്രയിക്കുന്ന ഭൂട്ടാൻ ഇ20 സ്വീകാര്യമല്ലെന്ന് അറിയിച്ചിരുന്നു. ഭൂട്ടാന്റെ നിലപാട് പരസ്യമായതോടെ അവിടേക്ക് ഇ20 കയറ്റിയയക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിഞ്ഞു. സിയാം മുന്നോട്ടു വെച്ച അതേ ആശങ്കകളാണ് ഭൂട്ടാൻ ഉന്നയിച്ചത്.


ഇ10 കിട്ടാനില്ല,

തിരിച്ചറിയാനും വഴിയില്ല


സാധാരണ വാഹന ഉടമകൾക്ക് ഇപ്പോൾ പമ്പുകളിൽ പോയി 'E10 വേണം' എന്ന് തിരഞ്ഞെടുക്കാനുള്ള അവസരമില്ല. ഭൂരിഭാഗം പമ്പുകളിലും ഇപ്പോൾ സാധാരണ പെട്രോൾ എന്ന പേരിൽ ലഭിക്കുന്നത് E20 തന്നെയാണ്. നിലവിൽ ഇന്ത്യൻ ഓയിലിന്റെ XP100 പോലുള്ള 100-ഒക്ടേൻ വരുന്ന പ്രീമിയം പെട്രോളുകളിൽ മാത്രമാണ് എഥനോൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുള്ളത്. എന്നാൽ ഇത് സാധാരണ പെട്രോളിനേക്കാൾ വളരെ ചെലവേറിയതാണ്.


2023 ഏപ്രിലിന് ശേഷം ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ പെട്രോൾ വാഹനങ്ങളും (BS6 Phase-2 മാനദണ്ഡങ്ങൾ പ്രകാരം E20 ഇന്ധനം ഉപയോഗിക്കാൻ പാകത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ അതിനുമുൻപ് നിർമ്മിച്ച വാഹനങ്ങളുടെ ഉടമകൾ മൈലേജ് കുറയുന്നതായും ചില മെയിന്റനൻസ് പ്രശ്നങ്ങൾ വരുന്നതായും സോഷ്യൽ മീഡിയയിലും മറ്റും ആശങ്കകൾ പങ്കുവെക്കുന്നുണ്ട്.


പ്രധാന ആശങ്കകൾ


സിയാം നൽകിയ റിപ്പോര്‍ട് പ്രകാരം, ഉയർന്ന എഥനോൾ അടങ്ങിയ ഇന്ധനം ഉപയോഗിക്കാൻ പാകത്തിലല്ല പഴയ വാഹനങ്ങളുടെ നിർമാണം. ഇ10 പൂർണ്ണമായും നിർത്തലാക്കിയതോടെ അനുയോജ്യമല്ലാത്ത ഇന്ധനം ഉപയോഗിക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് വാഹനങ്ങളിൽ ഇന്ധന ചോർച്ച പോലുള്ള ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളും എഞ്ചിൻ ഭാഗങ്ങളുടെയും ലോഹങ്ങളുടെയും നാശവും ഉണ്ടായേക്കാം.


Related News

നിലവിലുള്ള പഴയ വാഹനങ്ങളിൽ ഉയർന്ന എഥനോൾ ഇന്ധനത്തിന് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തുക എന്നത് അപ്രായോഗികമാണ്. വിപണിയിലുള്ള വൈവിധ്യമാർന്ന വാഹന മോഡലുകളും അവയുടെ വ്യത്യസ്തമായ ഫ്യുവൽ സിസ്റ്റങ്ങളും ഇതിന് തടസ്സമാണ്.


എഥനോളിന്റെ കുറഞ്ഞ കലോറിഫിക് മൂല്യം കാരണം ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ മൈലേജിൽ ഏകദേശം 6 ശതമാനം വരെ കുറവുണ്ടാകുമെന്നും സിയാം ചൂണ്ടിക്കാട്ടിയിരുന്നു.


ബൈക്കുകളും സ്കൂട്ടറുകളും മുടന്തും


ചെറിയ എഞ്ചിൻ ശേഷിയുള്ള വാഹനങ്ങളിൽ ഡ്രൈവിംഗ് തടസ്സങ്ങൾക്ക് ഇടയാക്കും. കുറഞ്ഞ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുക. ശരിയായ രീതിയിലുള്ള പെർഫോമൻസ് ലഭിക്കാത്തത് ഉപഭോക്താക്കൾ ബുദ്ധിമുട്ടിലാവും.


"നിലവിലുള്ള വാഹനങ്ങൾക്ക് ഇന്ധനം ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആശങ്കകൾ അകറ്റുന്നതിനും ഇ20-നൊപ്പം ഇ10 പെട്രോൾ കൂടി സമാന്തരമായി വിതരണം ചെയ്യേണ്ടത് അനിവാര്യമാണ്. മറ്റ് വിദേശ രാജ്യങ്ങളും ഉയർന്ന എഥനോൾ മിശ്രിതങ്ങളിലേക്ക് മാറിയപ്പോൾ ഇത്തരത്തിൽ കുറഞ്ഞ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ സമാന്തരമായി നൽകിയിരുന്നു." — സിയാം (നിതി ആയോഗ് റിപ്പോർട്ടിലെ അനെക്സ്ചർ D-യിൽ നിന്ന്)


വിദഗ്ദ്ധ സമിതിയുടെ


പെട്രോളിയം മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എആർഎഐ എന്നിവരുൾപ്പെട്ട നിതി ആയോഗ് സമിതിയുടെ ചർച്ചകളിൽ തന്നെ ഇ10 ഇന്ധനം ഒരു ട്രാൻസിഷൻ ഫ്യുവൽ ആയി നിലനിർത്തണമെന്ന് ശുപാർശ ചെയ്തിരുന്നു.


ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ ഫോർ വീലറുകളിൽ 6-7 ശതമാനവും, ടൂ വീലറുകളിൽ 3-4 ശതമാനവും മൈലേജ് കുറയാൻ സാധ്യതയുണ്ടെന്ന് എആർഎഐ നടത്തിയ സംയുക്ത പഠനത്തിൽ കണ്ടെത്തിയിരുന്നു. എങ്കിലും, പരിശോധനകളിൽ എഞ്ചിൻ തകരാറുകളോ സ്റ്റാളിംഗോ ഘടകങ്ങളുടെ അമിതമായ തേയ്മാനമോ കണ്ടെത്തിയിട്ടില്ല. പുതിയ വാഹനങ്ങളിൽ എഞ്ചിൻ പരിഷ്കരണങ്ങളിലൂടെയും കാലിബ്രേഷനിലൂടെയും ഈ മൈലേജ് നഷ്ടം ഒരു പരിധി വരെ മാത്രമേ പരിഹരിക്കാനാവൂ.


10% എഥനോൾ അടങ്ങിയ പെട്രോൾ പെട്രോൾ സംരക്ഷണ ഇന്ധനമായി വിപണിയിൽ തുടരണമെന്ന ആവശ്യം ഒറ്റയടിക്ക് തള്ളിക്കളയുകയാണ് സര്‍ക്കാര്‍ ചെയ്തത്. വാഹന നിർമാതാക്കളുടെയും എആർഎഐയുടെയും ഇന്ത്യൻ ഓയിലിന്റെയും നേതൃത്വത്തിൽ വിപുലമായ പരിശോധനകൾക്ക് ശേഷമാണ് ഈ ഇന്ധനം വിപണിയിലെത്തിച്ചത് എന്ന് ആവര്‍ത്തിച്ചു. നിലവിൽ ഇ20 കാരണം വലിയ തോതിലുള്ള എഞ്ചിൻ പരാജയങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.


യഥാര്‍ത്ഥത്തിൽ ഇ20 ഇന്ധനങ്ങളിലേക്കുള്ള മാറ്റം പൂർണ്ണമാകുമ്പോൾ പഴയ വാഹനങ്ങൾ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കൾ നേരിട്ടേക്കാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകളാണ് സിയാം ചൂണ്ടി കാണിച്ചത്. എന്നാൽ കലര്‍പ്പ് ജനങ്ങൾ അറിയാതെ ക്രമേണ വര്‍ധിപ്പിച്ച് അതിനെ ന്യായീകരിക്കയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.


എഥനോൾ ചേര്‍ത്തു

വില കുറച്ചില്ല, വിവരം പറഞ്ഞില്ല


2013-14-ൽ ബ്ലെൻഡിങ് തോത് ഏകദേശം 1.5 ശതമാനമായിരുന്നത് വർധിച്ച്, നിശ്ചയിച്ച സമയത്തിനും വളരെ മുൻപേ, 2025 ഡിസംബറിൽ പെട്രോളിൽ 20 ശതമാനം എഥനോൾ ബ്ലെൻഡിങ് എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചതായാണ് പെട്രോളിയം മന്ത്രാലയം പറയുന്നത്. ഉപയോക്താക്കൾക്ക് ഇത് അറിയാനുള്ള സ്വഭാവിക അവകാശം എവിടെയും പരിഗണിക്കപ്പെട്ടില്ല. മാത്രമല്ല ഇതുവഴി കുറവ് വന്ന വില വിഹിതം ലഭിച്ചുമില്ല. പകരം വില പലകരാണങ്ങൾ മുൻനിര്‍ത്തി വര്‍ധിപ്പിക്കയായിരുന്നു.


നേട്ടങ്ങൾ വിവരിച്ച്

അവകാശങ്ങൾ കവര്‍ന്നു


 2014-15 മുതൽ വിദേശനാണ്യത്തിൽ 1.9 ലക്ഷം കോടിയിലധികം രൂപ ലാഭിക്കാൻ ഇത് സഹായിച്ചുവെന്നും, കർഷകർക്ക് 1.6 ലക്ഷം കോടിയിലധികം രൂപയുടെ പേയ്‌മെന്റുകൾ നൽകാൻ ഇതുവഴി കഴിഞ്ഞു. കാർബൺ ഡയോക്സൈഡ് ബഹിർഗമനം ഏകദേശം 930 ലക്ഷം മെട്രിക് ടൺ കുറച്ചുവെന്നും, 310 ലക്ഷം മെട്രിക് ടണ്ണിലധികം ക്രൂഡ് ഓയിൽ ഇറക്കുമതി ഒഴിവാക്കാൻ സഹായിച്ചുവെന്നും ഇവയ്ക്ക് പകരമായി സര്‍ക്കാര്‍ അവകാശപ്പെടുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home