അച്ഛനോടുള്ള വൈരാഗ്യം; നാല് വയസ്സുകാരനെ കാലിൽ തൂക്കിയെടുത്ത് റോഡിലടിച്ച് ഓട്ടോ ഡ്രൈവർ, ക്രൂരതയുടെ ദൃശ്യങ്ങൾ

ആക്രമിക്കപ്പെട്ട വിഗ്നേഷ്, കുട്ടിയെ ആക്രമിക്കുന്ന സി സിടിവി ദൃശ്യങ്ങൾ
വസായി: പട്ടാപ്പകൽ ജനങ്ങൾക്കിടയിൽവെച്ച് നാല് വയസുകാരനെ കാലിൽ പൊക്കി നിലത്തടിച്ച് ഓട്ടോ റിക്ഷ ഡ്രൈവർ. മുംബൈയിലെ വസായിൽ കളിക്കുന്നതിനിടെ ഓട്ടോയിൽ കയറിയതിനാണ് വിഗ്നേഷ് എന്ന പിഞ്ചുകുഞ്ഞിനെ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചത്. വസായി കോടതിക്ക് സമീപമുള്ള അനുപം ഘർ സങ്കുൽ അപാർട്ട്മെന്റ് പരിസരത്താണ് സംഭവം.
തിങ്കളാഴ്ച രാത്രി ഏകദേശം 8 മണിയോടെയാണ് സന്ദീപ് പവാർ (27), അതുൽ കൊണ്ഡാരേയുടെ മകൻ വിഗ്നേഷിനെ (4) മർദിച്ചത്. മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ വിഗ്നേഷ് അപാർട്ട്മെന്റ് പരിസരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കയറി. ഇതുകണ്ട് പ്രകോപിതനായ സന്ദീപ് പവാർ കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
കുട്ടിയെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കുമ്പോൾ മുഖം മീറ്ററിൽ ഇടിക്കുകയും തുടർന്ന് കാലിൽ തൂക്കിയെടുത്ത് റോഡിൽ പലതവണ തലയടിക്കുകയും ചെയ്തു. റോഡിൽ അടിച്ചതിന് ശേഷം കുട്ടിയെ നിലത്തുകൂടി വലിച്ചിഴയ്ക്കുകയും കുഞ്ഞിനെ രക്ഷിക്കാൻ ഓടിയെത്തിയ മുത്തശ്ശിയെയും ഇയാൾ ആക്രമിക്കുകയും ചെയ്തു.
തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ വിഗ്നേഷ് ഇപ്പോൾ മീരാറോഡിലെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ സന്ദീപ് പവാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഭവത്തിൽ കേസെടുത്തു. കുട്ടിയുടെ പിതാവുമായി പ്രതിക്ക് നേരത്തെ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് പിഞ്ചുകുഞ്ഞിനോടുള്ള ഈ ക്രൂരതയ്ക്ക് പിന്നിലെ യഥാർത്ഥ കാരണമെന്നാണ് പൊലീസ് പറയുന്നത്.









0 comments