എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു

ഇന്ദിര ലങ്കേഷ്. photo credit: X
ബംഗളൂരു : എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കന്നഡ സാഹിത്യകാരനും പത്രപ്രവർത്തകം ലങ്കേഷ് പത്രിക സ്ഥാപകനുമായ പി ലങ്കേഷിന്റെ ഭാര്യയാണ്. 2017 ൽ ഹിന്ദുത്വവാദികൾ കൊലപ്പെടുത്തിയ പത്രപ്രവർത്തക ഗൗരി ലങ്കേഷ് മകളാണ്. മറ്റൊരു മകളും ചലച്ചിത്ര പ്രവർത്തകയുമായ കവിത ലങ്കേഷിനൊപ്പം ബംഗളൂരുവിലെ ഉത്തരഹള്ളിയിലെ വസതിലാണ് താമസിച്ചിരുന്നത്.
1943 ജൂൺ 2 ന് ശിവമോഗയിലാണ് ജനിച്ചത്. 1960ൽ ലങ്കേഷിനെ വിവാഹം കഴിച്ച് ബംഗളൂരുവിലേക്ക് താമസം മാറി. ലങ്കേഷ് പത്രപ്രവർത്തനം ആരംഭിച്ചതിനു പിന്നാലെ 1979 ൽ ഗാന്ധി ബസാറിൽ വിജയകരമായ മയൂർ സിൽക്സ് ആൻഡ് ടെക്സ്റ്റൈൽസ് എന്ന പേരിൽ സാരി സിൽക് ഷോപ് ആരംഭിച്ചു.
ഹുളിമാവ് മട്ടു നാനു എന്ന പേരിലുള്ള ഇന്ദിരയുടെ ഓർമക്കുറിപ്പുകൾ ഗൗരി ലങ്കേഷിന്റെ ഗൗരി ലങ്കേഷ് പത്രികയിൽ പ്രസിദ്ധീകരിച്ചിരുന്നു. സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണ്ടതിന്റെ പ്രാധാന്യം പറയുന്ന ഇന്ദിരയുടെ ഓർമക്കുറിപ്പുകൾ സാഹിത്യരംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.










0 comments