2025 നവംബറിലെ ലിസ്റ്റ് മറയാക്കി മുഖം രക്ഷിക്കൽ
തീരുവ പൂജ്യമാക്കിയതായി ഉയര്‍ത്തിക്കാണിച്ചത് പഴയ ലിസ്റ്റിലുള്ള വസ്തുക്കൾ, കരാറിന്റെ നേട്ടമായി ചിത്രീകരിച്ചു

അമേരിക്ക ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കൊപ്രയും വെളിച്ചെണ്ണയും തേയിലയും ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതി ചുങ്കം പുതിയ വ്യാപാര ചട്ടക്കൂട് പ്രകാരം പൂജ്യമാക്കിയതായുള്ള കേന്ദ്ര അവകാശവാദം വഞ്ചന. പൂര്‍ണ്ണമായും യു എസ് ഭരണകൂട തന്ത്രങ്ങൾക്ക് കീഴടങ്ങിയുള്ള കരാര്‍ ചട്ടക്കൂട് സംബന്ധിച്ച വിവരങ്ങൾ കടുത്ത വിമര്‍ശനങ്ങൾക്കും പ്രതിഷേധത്തിനും ഇടയാക്കിയപ്പോഴാണ് തീരുവ പൂജ്യമാക്കിയ കാര്‍ഷിക വസ്തുക്കളുടെ ലിസ്റ്റുമായി വാണിജ്യകാര്യ മന്ത്രി പീയൂഷ് ഗോയൽ കരാറിനെ രാജ്യത്തിന് ഗുണകരമായതായി ചിത്രീകരിക്കാൻ ശ്രമിച്ചത്.
യഥാര്‍ത്ഥത്തിൽ മന്ത്രി അവകാശപ്പെട്ട വസ്തുക്കൾ ഒന്നും തന്നെ പുതിയതോ പഴയതോ ആയ കരാറിന്റെ ഭാഗമല്ല. അമേരിക്കയിൽ രൂക്ഷമായ ലഭ്യതക്കുറവ് നേരിടുന്ന വസ്തുക്കളുടെ ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്നതിന് നേരത്തെ തന്നെ ചുങ്കം ഒഴിവാക്കിയ വസ്തുക്കളാണ്. അവരുടെ പതിവ് വിപണി തന്ത്രങ്ങളുടെ ഭാഗമായവയാണ്.
ലഭ്യതയും വിപണി വിലയും സംതുലിതമാക്കാൻ തേയില,കാപ്പി, കശുവണ്ടി,കൊപ്ര തുടങ്ങിയ വസ്തുക്കൾ ഉൾപ്പെടെ ഇരുനൂറിലേറെ വസ്തുക്കളുടെ തീരുവ യു എസ് ഭരണകൂടം പൂജ്യമാക്കിയിരുന്നു. 2025നവംബര്‍ 13ന് ഇതു സംബന്ധിച്ച തീരുമാനം പുതുക്കി പുറപ്പെടുവിക്കയും ചെയ്തിരുന്നതാണ്.
ചിലതരം പച്ചക്കറികൾ,അവക്കാഡോ,വാഴപ്പഴം,പേരയ്ക്ക തുടങ്ങിയവയും അമേരിക്കയിൽ ലഭ്യത കുറവ് നേരിടുന്ന വസ്തുക്കളാണ്.ആഭ്യന്തര ഉത്പാദനം കുറവുള്ള വസ്തുക്കളെ കൂടിയാണ് അവര്‍ ഇങ്ങനെ ലിസ്റ്റ് ചെയ്യുന്നത്. ഇവയുടെ വില പിടിച്ചു നിര്‍ത്താനും ഇതുവഴി വിപണി ഡിമാന്റിനെ മറികടക്കാനും ഇത്തരം ഒഴിവാക്കലുകൾ പതിവാണ്. ഇത് എല്ലാ രാജ്യങ്ങളും സ്വഭാവികമായി സ്വീകരിക്കുന്ന തന്ത്രമാണ്.

വാണിജ്യ കാര്യ വകുപ്പ് മന്ത്രി പീഷൂഷ് ഗോയൽ ഇവയെ എല്ലാം കാരാറിന്റെ നേട്ടമായി ലിസ്റ്റ് ചെയ്ത് അവതരിപ്പിച്ചു. 4,400കോടി ഡോളറിന്റെ ഉത്പന്നങ്ങൾ പൂജ്യം താരിഫിൽ ഉൾപ്പെടുത്തി എന്ന നിലയ്ക്കാണ് ഇവ വിശദീകരിച്ചത്.അമേരിക്ക പ്രതികാര ചുങ്കം പ്രഖ്യാപിച്ചപ്പോൾ തന്നെ ഈ വസ്തുക്കളുടെ വിപണി വില കുതിച്ച് കയറിയിരുന്നു.
ആദ്യം 25ശതമാനവും പിന്നീട് അധിക നികുതിയായി 25കൂടി കൂട്ടിച്ചേര്‍ത്തും ഇറക്കുമതി ചുങ്കം കുത്തനെ ഉയര്‍ത്തിയത് ഇത്തരം വസ്തുക്കളുടെ ലഭ്യതയിൽ യു എസിൽ വലിയ കുറവ് വരുത്തി. പ്രതികാര ചുങ്ക യുദ്ധ തന്ത്രം അമേരിക്കൻ വിപണിയിൽ തന്നെ തിരിച്ചടി നേരിടുന്നതായി വിമര്‍ശനങ്ങൾ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് നവംബര്‍ 13ലെ പൂജ്യം താരിഫ് പുതുക്കൽ ഉണ്ടാവുന്നത്.
ഇന്ത്യ യു എസ് വ്യാപാര കരാര്‍ സംബന്ധിച്ച സംയുക്ത കരാറിലുള്ള വസ്തുക്കളല്ല ഇവ. എന്നിട്ടും മന്ത്രി അവതരിപ്പിച്ച ലിസ്റ്റിൽ ഇവ കടന്നു വന്നു. കയറ്റുമതി ചുങ്കം പൂജ്യമായിരുന്ന വസ്ക്കൾ പലതും 18ശതമാനം നികുതിയിലേക്ക് ഉയര്‍ത്തി അനുമതി നൽകിയ കരാറിനെതിരായ രോഷം മറികടക്കാൻ മന്ത്രി ഇവയെ കൂടി മറയാക്കി.










0 comments