അമേരിക്കൻ തീട്ടൂരത്തിന് വഴങ്ങിയുള്ള നടപടി , ആണവോർജ മേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നിടും
print edition സുരക്ഷ അപകടത്തില്‍ ; പുതിയ ആണവ ബില്ലുമായി കേന്ദ്രം

ന്യൂഡൽഹി
അമേരിക്കയുടെ തീട്ടൂരത്തിന് വഴങ്ങി ആണവോർജ മേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നിടുന്ന പുതിയ ആണവോർജ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ. ആണവ ദുരന്തമുണ്ടായാൽ ബാധ്യത കന്പനികളിൽ നിന്ന് എടുത്തുമാറ്റുന്ന ‘ആണവോർജ ബിൽ 2025 ’ ഡിസംബർ ഒന്നിന് തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തിലാണ് അവതരിപ്പിക്കുക.
ചരിത്രത്തിൽ ആദ്യമായാണ് തന്ത്രപ്രധാന ആണവമേഖല വിദേശ സ്വകാര്യ കന്പനികൾക്ക് ഉൾപ്പെടെ തുറന്നുകൊടുക്കുന്നത്. നേരത്തെ ആണവ ധാതുക്കളുടെ പട്ടികയിൽ നിന്ന് ബെറിലിയം, നയോബിയം തുടങ്ങിയ ധാതുക്കൾ ഒഴിവാക്കി നൽകിയ കേന്ദ്രം, അവ കുഴിച്ചെടുക്കാനും സ്വകാര്യ കുത്തകകളെ അനുവദിക്കുന്ന നിയമം പാസാക്കിയിരുന്നു. ആണവ സുരക്ഷ മുൻനിർത്തി 2010-ൽ പാസാക്കിയ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് നിയമത്തിൽ വെള്ളം ചേർക്കുന്നതാണ് പുതിയ ആണവ ബിൽ. ആണവ അപകടമുണ്ടായാൽ അതിന്റെ നഷ്‌ടപരിഹാരം നൽകേണ്ട ബാധ്യത നിലയം നിർമിച്ചവർക്ക് പകരം ഓപ്പറേറ്ററിൽ നിക്ഷിപ്‌തമാക്കണമെന്ന അമേരിക്കയുടെ ആവശ്യം കേന്ദ്രം അതേപടി അംഗീകരിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്ത്യയുമായി ആണവ സഹകരണത്തിന് അവർ പച്ചക്കൊടി വീശിയത്.
ചെറുകിട ആണവ നിലയങ്ങൾ നിർമിക്കാനാണ് സ്വകാര്യ കന്പനികൾക്ക് അനുമതി. 2027ഓടെ കുറഞ്ഞത് 100 ജിഗാവാട്ട് വൈദ്യുതി ഇന്ത്യക്ക് വേണ്ടിവരുമെന്ന ന്യായം മുൻനിർത്തിയാണ് സുരക്ഷയിലടക്കം വിട്ടുവീഴ്‌ച ചെയ്‌ത് ആണവമേഖലയും സ്വകാര്യവൽക്കരിക്കുന്നത്. ആണവനിലയങ്ങൾ സ്ഥാപിക്കാൻ സ്വകാര്യ കന്പനികളിൽ നിന്ന് കേന്ദ്രസർക്കാർ അടുത്തിടെ താൽപര്യപത്രവും ക്ഷണിച്ചിരുന്നു. ഇതടക്കം ആകെ 10 ബില്ലുകളാണ് ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുക.










0 comments