വിവാഹ ബന്ധം വേര്‍പെടുമെന്ന് ജ്യോതിഷി, യുവതി ജീവനൊടുക്കി

ബെംഗളൂരു:വിവാഹ ജീവിതത്തെക്കുറിച്ചുള്ള ജ്യോത്സ്യന്റെ പ്രവചനത്തിൽ മനംനൊന്ത് 27വയസ്സുകാരിയായ ഐടി ജീവനക്കാരി ജീവനൊടുക്കി. ബാഗലഗുണ്ടെ എം ഇ ഐ ലേഔട്ടിൽ താമസിക്കുന്ന വിദ്യാജ്യോതി എന്ന യുവതിയാണ് മരിച്ചത്.
മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായി വിദ്യാജ്യോതി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിക്കയും ചെയ്തിരുന്നു. എന്നാൽ,ഇതിനിടെ യുവതിയുടെ മാതാപിതാക്കൾ ഒരു ജ്യോത്സ്യനെ കണ്ട് ജാതകം പരിശോധിച്ചു. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ ദമ്പതികൾക്കിടയിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമെന്നും ഇത് വേർപിരിയലിൽ കലാശിക്കുമെന്നും ജ്യോത്സ്യൻ ഭീഷണിപ്പെടുത്തി.
സങ്കടത്തിലായ മാതാപിതാക്കൾ ഈ പ്രശ്നം പരിഹരിക്കുന്നതിനായി ജോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരം ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പൂജകൾ നടത്താൻ സമ്മതിച്ചു. കുടുംബം ഈ ചടങ്ങുകൾ തുടങ്ങി.പൂജയുടെ ഒൻപതാം ദിവസം,മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് വിദ്യാജ്യോതിയെ സ്വന്തം മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വൈകുന്നേരമായിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് പിതാവ് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മകളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് മൊഴി. സംഭവത്തിൽ ബാഗലഗുണ്ടെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










0 comments