print edition ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി - ഫലം ഇന്ന്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : പശ്‌ചിമബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും തിങ്കളാഴ്‌ച പുറത്തുവരും. തൃണമൂൽ കോൺഗ്രസും ബിജെപിയും ഇടതുപക്ഷവും തമ്മിൽ ശക്തമായ ത്രികോണ മത്സരം നടന്ന പശ്ചിമബംഗാളിൽ ആകെയുള്ള 294ൽ 293 സീറ്റുകളിലെ വോട്ടെണ്ണലാണ് തിങ്കളാഴ്‌ച നടക്കുക. ഏപ്രിൽ 23, 29 തീയതികളിലായി രണ്ടുഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 92. 47 ശതമാനം പേർ വോട്ടുചെയ്‌തു. വ്യാപക അക്രമവും കൃത്രിമവും നടന്നതിനാൽ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫൽതായി മണ്ഡലത്തിൽ 21ന് റീപോളിങ് നടക്കും.
തമിഴ്‌നാട്ടിൽ 234 മണ്ഡലത്തിൽ നടന്ന വോട്ടെടുപ്പിൽ 85.1 ശതമാനമാണ് പോളിങ്. ഡിഎംകെ നേതൃത്വത്തിലുള്ള സിപിഐ എം അടക്കമുള്ള പാർടികളുടെ കൂട്ടായ്‍മയായ മതനിരപേക്ഷ പുരോഗമനസഖ്യത്തിന് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. നടൻ വിജയ്‌യുടെ ടിവികെ എത്ര സീറ്റ് നേടുമെന്നതും പ്രസക്തമാണ്.
85 ശതമാനം പോളിങ് രേഖപ്പെടുത്തിയ അസമിൽ ഹിമന്ത ബിസ്വ സർമയുടെ നേതൃത്വത്തിൽ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾ. 126 മണ്ഡലമാണുള്ളത്. 30 സീറ്റുള്ള കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ എൻഡിഎയുടെ ഭാഗമായ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. കൂടാതെ ഗോവ, ഗുജറാത്ത്, കർണാടക, മഹാരാഷ്‍ട്ര, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും തിങ്കളാഴ്‌ച പുറത്തുവരും.










0 comments