print edition 15 രേഖ ഹാജരാക്കി; എന്നിട്ടും പൗരനല്ലെന്ന് തീർപ്പ്

ഗുവാഹത്തി: പാൻകാർഡും വോട്ടർ ഐഡിയും മുത്തശ്ശീമുത്തശ്ശൻമാരുടെ പൗരത്വ രജിസ്റ്റർ പകർപ്പും ഉൾപ്പെടെ 15 സർക്കാർ രേഖകൾ ഹാജരാക്കിയിട്ടും ഗുവാഹത്തി ഹൈക്കോടതിയിൽ പൗരത്വം തെളിയിക്കാനാകാതെ യുവാവ്. ഫോറിനേഴ്സ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച അസമിലെ ദിവസവേതന തൊഴിലാളി അമീനുൽ ഹഖാണ് (38) ‘പൗരത്വ പരീക്ഷ’യിൽ പരാജയപ്പെട്ടത്.
പൗരത്വം അംഗീകരിക്കാത്ത ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ 2019ലെ ഉത്തരവിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. തലമുറകളായി കുടുംബം ഇവിടെയാണ് താമസിക്കുന്നതെന്നും താൻ ഇന്ത്യക്കാരനാണെന്നും അമീനുൽ പറഞ്ഞു. മുത്തശ്ശീമുത്തശ്ശൻമാരുടെ പേരുള്ള 1951ലെ ദേശീയ പൗരത്വ രജിസ്‌റ്ററിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, 1966 മുതൽ മാതാപിതക്കൾ വോട്ടർപട്ടികയിലുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ, ഭൂമി വാങ്ങിയതിന്റെ രേഖകൾ, സ്‌കൂൾ സർട്ടിഫിക്കറ്റ്, തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡുകൾ, പാൻകാർഡ് എന്നിവയും ഹാജരാക്കി. യുവാവിന്റെ അച്ഛനുൾപ്പെടെ ഹാജരായി ഇക്കാര്യങ്ങൾ കോടതിയിൽ സാക്ഷ്യപ്പെടുത്തി. പേരുകളിലെ പൊരുത്തക്കേടുകൾ കാരണമാണ് ഹർജിക്കാരനെതിരെ ട്രൈബ്യൂണലിന്റെ ഉത്തരവുണ്ടായതെന്ന് അഭിഭാഷകനും വാദിച്ചു. എന്നാൽ, നിയമപ്രകാരം പൗരനെന്ന് തെളിയിക്കാൻ രേഖകൾ പര്യാപ്തമല്ലെന്ന് പറഞ്ഞ ജസ്റ്റിസ് കല്യാൺ റായ് സുരാന, ജസ്റ്റിസ് ഷമീമ ജഹാൻ എന്നിവരടങ്ങിയ ബെഞ്ച് രൈടബ്യൂണൽ നടപടി ശരിവച്ചു. രേഖകളിലെ പോരായ്‌മകളും ചൂണ്ടിക്കാട്ടി.
അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ജനങ്ങൾക്കെതിരായ നടപടികൾ അസമിലെ ബിജെപി സർക്കാർ ശക്തമാക്കുമ്പോൾ സംഭവത്തിന് പ്രധാന്യമേറെയാണ്. പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശമന്ത്രാലയം പ്രഖ്യാപിച്ചത് അടുത്തിടെയാണ്.










0 comments