അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൂന്ന് പാസ്പോർട്ട്, ദുബായിലും യുഎസിലും കോടികളുടെ സ്വത്ത്: വെളിപ്പെടുത്തൽ

ദിസ്പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ. ഹിമന്തയുടെ ഭാര്യ റിനികിയ്ക്ക് മൂന്ന് രാജ്യത്തിന്റെ പാസ്പോർട്ടുകളുണ്ടെന്നും ഹിമന്തയ്ക്കും കുടുംബത്തിനും ദുബായിലും അമേരിക്കയിലും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിൽ കാണിച്ചിട്ടില്ലെന്നുമാണ് വെളിപ്പെടുത്തൽ. കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. പാസ്പോർട്ടുകളുടെ വിവരങ്ങളും സ്വത്തിന്റെ കണക്കുകളുമൊക്കെ കയ്യിലുണ്ടെന്നും ഖേര വ്യക്തമാക്കിയിരുന്നു. 52,000 കോടി രൂപയുടെ കമ്പനിയാണ് അമേരിക്കയിൽ ഹിമന്തയ്ക്കും ഭാര്യയ്ക്കുമുള്ളതെന്നും ഖേര വ്യക്തമാക്കി.
ഗുരുതരമായ ആരോപണങ്ങളാണ് ഹിമന്തയ്ക്കെതിരെ ഉയർന്നിരിക്കുന്നതെന്ന് സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. സ്വത്തുവിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്താത്തത് ഗുരുതരമായ കുറ്റമാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ദുബായിലും അമേരിക്കയിലും സ്വത്തുവകകൾ ഉണ്ടെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്. ഇത് വെളിപ്പെടുത്താത്തത് ഗുരുതരമായ കുറ്റമാണ്. വിഷയത്തിൽ ഉടൻ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടണമെന്നും ഹിമന്തയുടെ പത്രിക റദ്ദാക്കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. ഒരു മുഖ്യമന്ത്രിക്ക് വിദേശ രാജ്യങ്ങളിൽ കോടികളുടെ സ്വത്തുക്കൾ ഉണ്ടെന്നതും അവ മറച്ചു വയ്ക്കുന്നതും ഗുരുതരമായ കുറ്റമാണ്. ഇത്രയും പണം എവിടെ നിന്നാണ് ലഭിക്കുന്നത്. ടാക്സ് ഇല്ലാത്ത വ്യോമിങ്ങിലാണ് കമ്പനി സ്ഥാപിച്ചിട്ടുള്ളത്. ആന്റിഗ്വ ബാർബുഡ പോലെ ടാക്സ് ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള പാസ്പോർട്ടുകൾ കൈവശം വയ്ക്കുന്നത് സംശയങ്ങൾ ഉയർത്തുന്നുണ്ട്. വിഷയത്തിൽ അന്വേഷണം നടത്തി ഹിമന്തയ്ക്കെതിരെ നടപടിയെടുക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ഭൂമി കൈയേറ്റം, ക്ഷേത്ര സംഭാവനകളുടെ ദുരുപയോഗം, സർക്കാർ സബ്‌സിഡികൾ വകമാറ്റൽ തുടങ്ങിയ നിരവധി ആരോപണങ്ങൾ സർമയും ഭാര്യയും നേരിടുന്നുണ്ടെന്ന് ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ പാസ്പോർട്ടിന് പുറമേ യുഎഇ, ആൻ്റിഗ്വ ബർബുഡ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പാസ്പോർട്ടാണ് ഹിമന്തയുടെ ഭാര്യയ്ക്ക് ഉള്ളതെന്നാണ് കോൺഗ്രസ് പറയുന്നത്. ആന്റിഗ്വ ആൻഡ് ബാർബുഡയിൽ നിന്നുള്ള പാസ്പോർട്ടിന്റെ കാലാവധി 2031 ആഗസ്ത് 25 ന് കാലഹരണപ്പെടുമെന്നും ഈജിപ്ഷ്യൻ പാസ്പോർട്ടിന്റെ കാലാവധി 2029 ഫെബ്രുവരി 12 ന് അവസാനിക്കുമെന്നും ഖേര ആരോപിച്ചു. 2027 മാർച്ച് 13 ന് കാലാവധി കഴിയുന്നതുമായ യുഎഇ പാസ്‌പോർട്ടും റിനികിയ്ക്ക് ഉണ്ടെന്ന് ഖേര പറയുന്നു.
ഹിമന്തയുടെ ഭാര്യക്ക് ദുബായിൽ കോടികളുടെ സ്വത്തും വീടും ഉണ്ടെന്നും ഖേര ആരോപിച്ചു. പങ്കാളിയുടെ സ്വത്തുവകകൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തണം. എന്നിട്ടും ഹിമന്തയുടെ സത്യവാങ്മൂലത്തിൽ ദുബായിലുള്ള സ്വത്തുക്കളെക്കുറിച്ച് ഒരു പരാമർശവുമില്ല," ഖേര പറഞ്ഞു. സർമയുടെ ഭാര്യക്ക് അമേരിക്കയിലെ വ്യോമിംഗിൽ ഒരു കമ്പനി ഉണ്ടെന്നും ഖേര ആരോപിച്ചു. ഈ കമ്പനിയിലെ അംഗങ്ങളുടെ പട്ടികയിൽ ദമ്പതികളുടെയും അവരുടെ മകന്റെയും പേരുകൾ ഉൾപ്പെടുന്നുവെന്ന് ഖേര അവകാശപ്പെട്ടു. ഹിമന്ത വ്യോമിംഗിൽ ഷെൽ കമ്പനികൾ സ്ഥാപിച്ച് തട്ടിയെടുത്ത പണം ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്നും ഖേര പറഞ്ഞു.
സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചതിന് ഹിമന്തയുടെ നാമനിർദ്ദേശ പത്രിക റദ്ദാക്കണമെന്നും ഖേര ആവശ്യപ്പെട്ടു. അസം കോൺഗ്രസ് നേതാവ് ഗൗരവ് ഗോഗോയിയും ഹിമന്തയ്ക്കെതിരെ രംഗത്തെത്തി. എന്നാൽ വെളിപ്പെടുത്തലിനു പിന്നാലെ ഖേരയ്ക്കു നേരെ ഭീഷണിയുമായി ഹിമന്ത രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ ഖേര കോൺഗ്രസിന് വിവരങ്ങൾ ലഭിക്കുന്നത് പാകിസ്ഥാനിൽ നിന്നാണെന്ന് വാദിച്ചു. ഭാര്യയ്ക്കെതിരെ സംസാരിച്ചാൽ ജയിലിലടയ്ക്കുമെന്നും ഹിമന്ത ഭീഷണിപ്പെടുത്തി. വെളിപ്പെടുത്തൽ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഹിമന്തയ്ക്കെതിരെ ഉയരുന്നത്.









0 comments