ad
Deshabhimani

കെജ്‌രിവാള്‍, സിസോദിയ, കെ കവിത എന്നിവരടക്കം 23 പേരെയും കുറ്റവിമുക്തരാക്കി ; പ്രതിപക്ഷത്തെ ഒറ്റുകൊടുത്ത കോൺഗ്രസിന്റെ മുഖത്തേറ്റ അടി

print edition ഡൽഹി മദ്യനയ അഴിമതിക്കേസ് കെട്ടിച്ചമച്ചത് ; ​തെളിവില്ല, 
വഴിവിട്ട സഹായവുമില്ല

kejriwal

കോടതി കുറ്റവിമുക്തനാക്കിയശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ പൊട്ടിക്കരയുന്ന അരവിന്ദ് കെ‍ജ്‍രിവാള്‍

avatar
റിതിൻ പൗലോസ്‌

Published on Feb 28, 2026, 01:13 AM | 3 min read


ന്യൂഡൽഹി

കോൺഗ്രസ്‌ തിരക്കഥയിൽ രാജ്യത്തെ പ്രതിപക്ഷ ഐക്യം തകര്‍ക്കാൻ ബിജെപി കേന്ദ്രഏജൻസികളുടെ സഹായത്തോടെ സൃഷ്‌ടിച്ച ഡൽഹിയിലെ മദ്യനയ അഴിമതിക്കേസ്‌ കോടതിയിൽ തകർന്നടിഞ്ഞു. എഎപി അധ്യക്ഷനും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാൾ, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ്‌ സിസോദിയ, ബിആർഎസ്‌ മുൻ നേതാവ്‌ കെ കവിത തുടങ്ങി 23 പ്രതികളെയും കുറ്റവിമുക്തരാക്കിയ റ‍ൗസ്‌ അവന്യൂ പ്രത്യേക കോടതി ജഡ്‌ജി ജിതേന്ദ്ര സിങ്‌ സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചു. വിധി ഉടന്‍ സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നൽകി.


പ്രഥമദൃഷ്‍ട്യാ പോലും കേസ്‌ നിലനിൽക്കില്ല. കെജ്‌രിവാളടക്കമുള്ളവർക്കെതിരെ "മുൻകൂട്ടി നിശ്ചയിച്ച' അന്വേഷണമാണ്‌ സിബിഐ നടത്തിയത്. വ്യക്തമായ തെളിവില്ലാതെയാണ് കെജ്‌രിവാളിനെ കേസിൽ ഉൾപ്പെടുത്തിയത്. സിസോദിയക്കെതിരെ അനുമാനങ്ങളുടെയും കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിലാണ്‌ കേസെന്നും കോടതി പറഞ്ഞു.


ഡൽഹി കോൺഗ്രസ് പ്രസിഡന്റായിരുന്ന അനിൽ ച‍ൗധരി നൽകിയ പരാതിയിലാണ് സിബിഐ കേസെടുത്തത്. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തിയത് ഡൽഹിയിലെ എഎപി സർക്കാരിനെതിരെ രംഗത്തുവന്ന കോൺഗ്രസിനും കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച്‌ വേട്ടയാടിയ ബിജെപിക്കും മുഖമടച്ചുള്ള അടിയായി. കള്ളപ്പണം വെളുപ്പിക്കലാരോപിച്ച്‌ അന്വേഷണം നടത്തുന്ന ഇഡിക്കും വിധി തിരിച്ചടിയായി.


​തെളിവില്ല, 
വഴിവിട്ട സഹായവുമില്ല

വസ്‍തുതകളുടെയോ വിശ്വസനീയമായ സാക്ഷി മൊഴികളുടെയോ പിൻബലമില്ലാത്തതാണ് ആയിരക്കണക്കിനുപേജുള്ള കുറ്റപത്രമെന്ന് കോടതി പറഞ്ഞു. കെ കവിതയുടെ നേതൃത്വത്തിൽ ‘സ‍ൗത്ത്‌ ഗ്രൂപ്പ്‌’ പ്രവർത്തിച്ചെന്ന സിദ്ധാന്തവും കോടതി തള്ളി. വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ എന്തെങ്കിലും വഴിവിട്ട സഹായം മദ്യനയത്തിലൂടെ എഎപി സർക്കാർ നൽകിയിട്ടില്ലെന്ന്‌ വ്യക്തമാക്കിയ കോടതി ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്ന പക്വതയുള്ള തീരുമാനമെന്നാണ്‌ നയത്തെ വിശേഷിപ്പിച്ചത്‌.

കെജ്‌രിവാൾ, സിസോദിയ, കെ കവിത എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന്‌ അവകാശപ്പെടുന്ന ശ്രീനിവാസുലു റെഡ്ഡിയുടെ മൊഴിക്ക്‌ വിശ്വാസ്യതയുടെ തരിന്പുപോലുമില്ല. കെജ്‌രിവാളിനെ പതിനെട്ടാം പ്രതിയാക്കിയത്‌ നാലാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ്‌.


തെളിവില്ലാതെ മൂവരെയും സിബിഐ പ്രധാന ഗൂ-ഢാലോചനക്കാരാക്കി. അഴിമതിപ്പണമായി ലഭിച്ച 25 കോടി രൂപ ഗോവ തെരഞ്ഞെടുപ്പിൽ എഎപി എങ്ങനെ ചെലവഴിച്ചുവെന്ന ചോദ്യത്തിന്‌ സിബിഐക്ക്‌ മറുപടിയില്ല. ഒറ്റപ്പെട്ട സംഭവങ്ങളെ തെളിവുകളുടെ അഭാവത്തിൽ തിരക്കഥയാക്കിയ അവതരിപ്പിച്ചാൽ നിലനിൽക്കില്ലെന്നും വിധിയിൽ പറഞ്ഞു. തെളിവില്ലാതെ ഡെപ്യൂട്ടി എക്‌സൈസ്‌ കമീഷണറായിരുന്ന കുൽദീപ്‌ സിങ്ങിനെ കേസിൽ കുടുക്കിയ സിബിഐ അന്വേഷണ സംഘത്തലവനെതിരെ നടപടിയെടുക്കണമെന്നും വിചാരണക്കോടതി നിര്‍ദേശിച്ചു


പൊട്ടിക്കരഞ്ഞ് കെജ്‍രിവാള്‍

വിധിയിൽ പ്രതികരിക്കവെ കെജ്‌രിവാൾ മാധ്യമങ്ങൾക്ക്‌ മുന്നിൽ പൊട്ടിക്കരഞ്ഞു. ‘‘സത്യം എപ്പോഴും ജയിക്കും. ഞാൻ അഴിമതിക്കാരനല്ല. കളങ്കിതരാക്കാനുള്ള മോദിയുടെ പാര്‍ടിയുടെയും ഏജൻസികളുടെയും എല്ലാ ശ്രമങ്ങള്‍ക്കിടയിലും കോടതി വ്യക്തമാക്കി, കെജ്‍രിവാളും സിസോദിയയും അങ്ങേയറ്റം സത്യസന്ധരാണ്. സത്യസന്ധത മാത്രമേ ഈ ജീവിതത്തിൽ നേടിയിട്ടുള്ളൂ.’’ –കെജ്‍രിവാള്‍ വികാരഭരിതനായി പറഞ്ഞു. പൊട്ടിക്കരഞ്ഞ കെജ്‍രിവാളിനെ ഒപ്പമുണ്ടായിരുന്ന മനീഷ് സിസോദിയ ആശ്വസിപ്പിച്ചു.


രണ്ട് ഘട്ടമായി കെജ്‍രിവാള്‍ 156 ദിവസമാണ് തിഹാര്‍ ജയിലിൽ കിടന്നത്, സിസോദിയ 530 ദിവസവും. മുഖ്യമന്ത്രിയായിരിക്കെ 2024 മാര്‍ച്ച് 21നാണ് ഇഡി കെജ്‍രിവാളിനെ അറസ്റ്റ്‍ചെയ്‌തത്. ജൂണ്‍ 26ന് സിബിഐയും അറസ്റ്റ് ‍ചെയ്‍തു. സെപ്തംബര്‍ 13ന് സുപ്രീംകോടതി ജാമ്യം നൽകിയതോടെയാണ് പുറത്തുവന്നത്. ഇതിനിടെ ലോക്‍സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെയ് 10ന് ജൂൺ ഒന്നു വരെ കെജ്‍രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകി.


പ്രതിപക്ഷ ഐക്യത്തെ ഒറ്റുകൊടുത്ത കോൺഗ്രസിനേറ്റ തിരിച്ചടി

മദ്യനയക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ്‌ കെജ്‌രിവാളിനെ കോടതി കുറ്റവിമുക്തനാക്കിയതിലൂടെ തിരിച്ചടിയേറ്റത്‌ കോൺഗ്രസിനും. ബിജെപി നിർദേശ പ്രകാരമാണ്‌ സിബിഐ കെജ്‌രിവാളിനെ പ്രതിയാക്കിയതെങ്കിലും വ്യാജ ആരോപണങ്ങൾക്ക്‌ വെള്ളവും വളവും നൽകിയത്‌ കോൺഗ്രസ്‌.


മദ്യനയത്തിൽ അഴിമതി ആരോപിച്ച്‌ 2022 ജൂണിൽ അന്നത്തെ പിസിസി പ്രസിഡന്റ്‌ അനിൽ ചൗധരി ഡൽഹി പൊലീസിന്‌ പരാതി നൽകി. ഇതിൽ പൊലീസ്‌ നടപടി തുടങ്ങിയെന്ന്‌ അവകാശപ്പെട്ട്‌ എഐസിസി വക്താവ്‌ പവൻ ഖേര പരാതിയുടെ പകർപ്പ്‌ എക്‌സിലിട്ട്‌ ആഘോഷിച്ചു.


2013ൽ ജനങ്ങൾ പുറന്തള്ളിയ കോൺഗ്രസ്‌ അധിക്കാരക്കൊതി മ‍ൂ‍ലം 2025ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കെജ്‌രിവാളിനെ ആക്രമിച്ചു. ‘മദ്യ അഴിമതിയുടെ മുഖ്യശിൽപി’ എന്നാണ്‌ രാഹുൽ ഗാന്ധി കെജ്‌രിവാളിനെ വിശേഷിപ്പിച്ചത്.


എഎപിയിലേക്ക്‌ പോയ കോൺഗ്രസ്‌ വോട്ടുകൾ തിരിച്ചുകൊണ്ടുവരാനെന്ന പേരിൽ പ്രതിപക്ഷ ഐക്യത്തെ ഒറ്റുകൊടുക്കുകയായിരുന്നു കോൺഗ്രസ്‌. 2020ൽ എട്ട്‌ സീറ്റിൽ മാത്രം വിജയിച്ച ബിജെപി 48 സീറ്റുമായി ഡൽഹിയിൽ അധികാരത്തിലെത്തി. 62 സീറ്റുണ്ടായിരുന്ന എഎപി 22ലൊതുങ്ങി. കോൺഗ്രസ്സിന്‌ തുടർച്ചയായ മൂന്നാം തെരഞ്ഞെടുപ്പിലും കിട്ടിയത്‌ വട്ടപ്പൂജ്യം.


തെറ്റ് തിരുത്താതെ കോൺഗ്രസ്‌

ഡൽഹി മദ്യനയ അഴിമതിയെന്ന കള്ളക്കഥ വിചാരണക്കോടതിയിൽ തകർന്നുവീണിട്ടും തെറ്റുതിരുത്താതെ കോൺഗ്രസ്‌. മറ്റ് പ്രതിപക്ഷ കക്ഷികള്‍ കെജ്‍‍രിവാളിന് പിന്തുണയുമായെത്തിയപ്പോള്‍ ആംആദ്മിയും ബിജെപിയും തമ്മിൽ ധാരണയുണ്ടാക്കിയതിന്റെ ഫലമാണ് കോടതി വിധിയെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.


കോൺഗ്രസ്‌ മുക്തഭാരതത്തിന്‌ വേണ്ടിയാണ്‌ എഎപിയും ബിജെപിയും പ്രവർത്തിക്കുന്നതെന്ന്‌ കോൺഗ്രസ് വക്താവ്‌ പവൻ ഖേര ആരോപിച്ചു. എഎപിയുമായി ബിജെപി ഡീലുണ്ടാക്കിയെന്ന് പഞ്ചാബ്‌ പ്രതിപക്ഷ നേതാവ്‌ പ്രതാപ്‌ സിങ്‌ ബാജ്‌വയും ആരോപിച്ചു.


അന്വേഷണ ഏജൻസികളെ താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ദുരുപയോഗിക്കുന്നുവെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ പറഞ്ഞു. കെജ്‌രിവാളും സിസോദിയയും ഉറച്ചുനിന്നു,സത്യം അവർക്ക്‌ വേണ്ടി സംസാരിച്ചു– സ്‌റ്റാലിൻ എക്‌സിൽ കുറിച്ചു. തൃണമൂൽ കോൺഗ്രസും ഇരുവരെയും അഭിനന്ദിച്ചു. വരും നാളുകളിൽ തനിക്കും നീതി കിട്ടുമെന്നാണ്‌ വിധിയിലൂടെ തെളിഞ്ഞതെന്ന്‌ ആർജെഡി നേതാവ്‌ തേജസ്വി യാദവ്‌ പറഞ്ഞു. ബിജെപിക്കാര്‍ ലജ്ജകൊണ്ട്‌ തലതാഴ്‌ത്തിയ ദിവസമെന്ന്‌ എസ്‍പി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home