ഡൽഹി മദ്യനയ കേസ് ഹൈക്കോടതിയിൽ; കെജ്‌രിവാളിനും സിസോദിയയ്ക്കും നോട്ടീസ്

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള സിബിഐ ഹർജിയിൽ ഡൽഹി ഹൈക്കോടതി പ്രതിഭാഗത്തിന്റെ നിലപാട് തേടി.
ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. കെജ്‌രിവാൾ, സിസോദിയ, ബിആർഎസ് നേതാവ് കെ കവിത എന്നിവരുൾപ്പെടെ 23 പ്രതികൾക്കും നിലപാട് അറിയിക്കാനായി നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
പ്രതികളെ വിട്ടയച്ചുകൊണ്ട് ഫെബ്രുവരി 27-ന് വിചാരണ കോടതി സിബിഐയ്ക്ക് എതിരെ നടത്തിയ "പ്രതികൂല പരാമർശങ്ങൾ"ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന നിർദ്ദേശവും കോടതി തടഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലെ വിചാരണ നടപടികൾ ഹൈക്കോടതിയുടെ തീരുമാനം വരുന്നത് വരെ മാറ്റിവെക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് അടുത്തതായി മാർച്ച് 16-ന് വീണ്ടും പരിഗണിക്കും. അന്ന് പ്രതിഭാഗം അവരുടെ മറുപടി സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ട്.
വിചാരണ പോലും നടത്താതെ പ്രതികളെ വിട്ടയച്ചത് "ക്രിമിനൽ നിയമങ്ങളെ അട്ടിമറിക്കുന്നതിന്" തുല്യമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇത് രാജ്യതലസ്ഥാനത്തെ തന്നെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണെന്നും ശാസ്ത്രീയമായ തെളിവുകൾ ഏജൻസിയുടെ പക്കലുണ്ടെന്നും അദ്ദേഹം കോടതി മുൻപാകെ ആവകാശപ്പെട്ടു.
ഫെബ്രുവരി 27-നാണ് ഡൽഹിയിലെ വിചാരണ കോടതി കെജ്‌രിവാളിനെയും സിസോദിയയെയും മറ്റ് 23 പേരെയും ഈ കേസിൽ നിന്ന് വിട്ടയച്ചത്. സിബിഐ സമർപ്പിച്ച കേസ് കോടതിയുടെ പരിശോധനയിൽ നിലനിൽക്കില്ലെന്നും അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായും വിചാരണ കോടതി അന്ന് നിരീക്ഷിച്ചിരുന്നു.
ഡൽഹി സർക്കാരിന്റെ മദ്യനയം രൂപീകരിച്ചതിലും നടപ്പിലാക്കിയതിലും അഴിമതി നടന്നു എന്നാണ് സിബിഐയുടെ ആരോപണം. എന്നാൽ ഇത് തെളിയിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു. വിചാരണ കോടതിയുടെ നിശിത വിമര്‍ശനത്തിനും ഇരയായി.
വിചാരണ പോലും നടത്താതെ പ്രതികളെ വെറുതെ വിട്ടത് നീതിയുക്തമല്ലെന്നും വിചാരണ കോടതിയുടെ വിധി പക്വതയില്ലാത്തതാണെന്നും സിബിഐ ഹൈക്കോടതിയിൽ വാദിച്ചു. വിചാരണ കോടതി സിബിഐ ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾ സ്റ്റേ ചെയ്യണമെന്നും സിബിഐ ആവശ്യപ്പെട്ടു.









0 comments