ad
Deshabhimani

അരുണാചൽ സൈനിക് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചത് റാഗിംഗിനെ തുടർന്നെന്ന് സഹോദരി

arunachalsainikschool death
വെബ് ഡെസ്ക്

Published on Nov 06, 2025, 06:29 PM | 1 min read

ഗുവാഹത്തി: അരുണാചൽ പ്രദേശിലെ ഒരു സൈനിക് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥി ടാഡു ഹാരോയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. ഹാരോ നിരന്തരമായ റാഗിംഗിനും പീഡനത്തിനും ഇരയായിരുന്നുവെന്നും, ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും സഹോദരി ടാഡു ലൂനിയ ആരോപിച്ചു. സ്കൂള്‍ പരിസരത്താണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.


മിസ് അരുണാചൽ 2024-ഉം ഹാരോയുടെ സഹോദരിയുമായ ടാഡു ലൂനിയ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ആരോപണങ്ങളുന്നയിച്ചത്. മരണം ആത്മഹത്യയാണെന്നാണ് ആദ്യം സ്കൂൾ അധികൃതർ അറിയിച്ചെങ്കിലും, സഹപാഠികളിൽ നിന്നും ഹോസ്റ്റലിലെ കൂട്ടുകാരിൽ നിന്നും ലഭിച്ച വിവരങ്ങൾ ക്രൂരമായ റാഗിംഗിലേക്കും ശാരീരിക പീഡനങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.


ഹാരോ (12) നിരന്തരമായി റാഗിംഗിന് ഇരയായിരുന്നുവെന്ന് ലൂനിയ വെളിപ്പെടുത്തി. സഹോദരന്റെ ഡോർമിറ്ററിയിലുണ്ടായിരുന്ന വിദ്യാർഥികൾ നൽകിയ വിവരമനുസരിച്ച്, ഒക്ടോബർ 31-ന് രാത്രി, വാർഡൻ ഇല്ലാതിരുന്ന സമയത്ത് പത്താം ക്ലാസിലെ 8 വിദ്യാർഥികളും എട്ടാം ക്ലാസിലെ മൂന്ന് വിദ്യാർഥികളും ചേർന്നാണ് ഏഴാം ക്ലാസ് വിദ്യാർഥികളുടെ ഡോർമിറ്ററിയിൽ പ്രവേശിച്ചത്. മുറിയിലുണ്ടായിരുന്ന വിദ്യാര്‍ഥികളെല്ലാം ആദ്യം റാഗിംഗിന് ഇരയായി.


തുടര്‍ന്ന് മുതിർന്ന വിദ്യാർഥികൾ ഹാരോ ഒഴികെയുള്ള എല്ലാവരെയും പുതപ്പുകൊണ്ട് മൂടാൻ നിർബന്ധിക്കുകയും തുടർന്ന് ഹാരോയെ പത്താം ക്ലാസ് ഡോർമിറ്ററിയിലേക്ക് ബലമായി കൊണ്ടുപോവുകയും ചെയ്തുവെന്ന് ലൂനിയ പറഞ്ഞു. "എന്റെ സഹോദരനെ ഉറങ്ങാൻ അനുവദിച്ചില്ലെന്നും മണിക്കൂറുകളോളം മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നുമാണ് കണ്ടവർ പറഞ്ഞത്. അടച്ചിട്ട ആ വാതിലിന് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല," നീതിക്ക് വേണ്ടി കുടുംബത്തോടൊപ്പം നിൽക്കണമെന്ന് അഭ്യർത്ഥിച്ച അവർ, "ഇന്നെനിക്ക് എന്റെ സഹോദരനെ നഷ്ടമായി. ഇപ്പോൾ ശരിയായ നടപടിയെടുത്തില്ലെങ്കിൽ നാളെ അത് ആർക്കും സംഭവിക്കാം," അവർ കൂട്ടിച്ചേർത്തു.



നേരത്തെ, ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് വിദ്യാർഥികളെ, പ്രായപൂർത്തിയാകാത്തതിനാൽ പാസിഘട്ടിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ഇവരെ ഒരാഴ്ചത്തേക്ക് സ്കൂളിന്റെ വൈസ് പ്രിൻസിപ്പലിന്റെ കസ്റ്റഡിയിൽ വിട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home