ad
Deshabhimani

print edition ബിജെപി മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം

Arunachal Pradesh.jpg

മുൻ മുഖ്യമന്ത്രി പെമ ഘണ്ടുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

വെബ് ഡെസ്ക്

Published on Apr 07, 2026, 01:39 AM | 1 min read

ന്യൂഡൽഹി: പത്തുവർഷത്തിനിടെ സംസ്ഥാനത്തെ പൊതുമരാമത്ത്‌ കരാറുകളെല്ലാം കുടുംബവുമായി ബന്ധപ്പെട്ട കമ്പനികൾക്ക് നൽകിയെന്ന പരാതിയിൽ അരുണാചൽ പ്രദേശിലെ ബിജെപി മുഖ്യമന്ത്രി പെമ ഖണ്ഡുവിനെതിരെ സിബിഐ അന്വേഷണത്തിന്‌ സുപ്രീംകോടതി ഉത്തരവ്‌.


കരാറുകളിൽ അഴിമതി, സ്വജനപക്ഷപാതം എന്നിവ നടത്തിയെന്ന പരാതിയിൽ കഴന്പുണ്ടെന്ന്‌ കണ്ടാണ്‌ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻവി അഞ്ജരിയ എന്നിവരുടെ ബെഞ്ചിന്റെ നടപടി. രണ്ടാഴ്‌ചക്കുള്ളിൽ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിക്കണം. 2015 ജനുവരി ഒന്നു മുതൽ 2025 ഡിസംബർ 31 വരെയുള്ള പൊതുമരാമത്ത് കരാറുകൾ, വർക്ക് ഓർഡർ എന്നിവ അന്വേഷിക്കണം.


16 ആഴ്‌ചയ്‌ക്കകം തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിക്കണം. അന്വേഷണം തടസ്സപ്പെടാതിരിക്കാൻ ചീഫ്‌ സെക്രട്ടറി നോഡൽ ഓഫീസറെ നിയമിക്കണം. തെളിവ്‌ സംരക്ഷിക്കണം– സുപ്രീംകോടതി ഉത്തരവിട്ടു. ഖണ്ഡു,ഭാര്യസെറിങ് ഡോൾമ, പേമ ഖണ്ഡുവിന്റെ പിതാവ് അന്തരിച്ച മുൻ മുഖ്യമന്ത്രി ദോർജി ഖണ്ഡുവിന്റെ രണ്ടാം ഭാര്യ റിഞ്ചിൻ ഡ്രെമ, അനന്തരവൻ സെറിങ്‌ താഷി എംഎൽഎ എന്നിവരുമായി ബന്ധപ്പെട്ട കമ്പനികൾക്ക് നൽകിയ കരാറുകളെല്ലാം പരിശോധിക്കാൻ അനുമതി നൽകി.


1245 കോടി രൂപയുടെ പദ്ധതികളാണ് നൽകിയതെന്നാണ് പരാതി. മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക്‌ മാത്രം കരാറുകൾ ലഭിക്കുന്നതിൽ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. പത്തുവർഷത്തിനിടെ തവാങ്ങിൽ മാത്രം 300 കരാറുകൾ നൽകിയതിൽ 154 മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനികൾക്കായിരുന്നു.


2016ലാണ്‌ കോൺഗ്രസ്‌ മുഖ്യമന്ത്രിയായ പെമ ഖണ്ഡു അറുപതംഗ സഭയിലെ 43 എംഎൽഎമാരുമായി അരുണാചൽ പീപ്പിൾസ് പാർടിയിലും പിന്നീട് ബിജെപിയിലുമെത്തി സർക്കാരുണ്ടാക്കിയത്‌. കോൺഗ്രസ്‌ മുഖ്യമന്ത്രിയായിരിക്കേ പെമ ഖണ്ഡു നടത്തിയെന്നാരോപിക്കുന്ന അഴിമതികളിലും അന്വേഷണം നടക്കും. സേവ് മോൺ റീജിയൻ ഫെഡറേഷൻ ആണ് കോടതിയെ സമീപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home