റിക്രൂട്ട്‌മെന്റ് നടത്താതെ കേന്ദ്രം ; 1.84 ലക്ഷം സൈനികര്‍ കുറവ്

ന്യൂഡൽഹി : കരസേനയിൽ 1.84 ലക്ഷത്തിലേറെ സൈനികരുടെ കുറവെന്ന് സർക്കാർ രേഖ. 10 ശതമാനം നിയമനം കഴിഞ്ഞവർഷം വെട്ടിക്കുറച്ചതിന് പുറമേയാണിത്. കേന്ദ്ര പ്രതിരോധ മന്ത്രാലയം പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് സമർപ്പിച്ച കണക്കനുസരിച്ച് 12.48 ലക്ഷമാണ് കരസേനയുടെ അംഗബലം. അനുവദിക്കപ്പെട്ട എണ്ണത്തിൽ ലക്ഷത്തിലേറെ കുറവാണിത്. 2024 ഒക്‌ടോബറിലെ കണക്ക് പ്രകാരം ഹവിൽദാർ മുതൽ ലഫ്‌റ്റനന്റ് റാങ്ക് വരെയുള്ള പട്ടാളക്കാരുടെ എണ്ണത്തിൽ 7.7ശതമാനം (92,410) കുറവുണ്ട്.
50,538 ഓഫീസ് ഉദ്യോഗസ്ഥർ ആവശ്യമുള്ളിടത്ത് 42,095 പേരാണുള്ളത്. 16 ശതമാനത്തിന്റെ കുറവ്. അതിർത്തിയിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും ഇത് നികത്തിയിട്ടില്ല. കോവിഡ് മുതൽ 2022 ജൂൺ വരെയുള്ള രണ്ടര വർഷ കാലയളവിൽ കരസേനയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയില്ല. 2026വരെയുള്ള റിക്രൂട്ട്‌മെന്റുകളുടെ എണ്ണവും ഗണ്യമായി വെട്ടിക്കുറച്ചു. സ്ഥിരം നിയമനം ഒഴിവാക്കാൻ 2022ൽ ആരംഭിച്ച അഗ്നിപഥിലൂടെ സൈനികരുടെ കുറവ് പരിഹരിക്കാമെന്ന വാദവും വെറുതെയായി. ഒരു വർഷം 40,000 നിയമനങ്ങൾ ഇതുവഴി നടക്കുമ്പോൾ വിരമിക്കുന്നത് 70,000പേർ. നിലവിലുള്ള സൈനികരിൽ 50,000പേരെ അഞ്ചുവർഷമായി കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിലാണ് വിന്യസിച്ചിരിക്കുന്നത്.










0 comments