'നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു': റിപ്പോർട്ടുകൾ തള്ളി കരസേന

പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി കരസേന. പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ പാകിസ്ഥാൻ ആക്രമണം നടത്തിയെന്നും ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വെടിവയ്പ്പ് 15 മിനിറ്റ് നീണ്ടുനിന്നതായും ആളപായമൊന്നു ഉണ്ടായിട്ടില്ലെന്നുമായിരുന്നു വാര്‍ത്തകൾ പ്രചരിച്ചത്. എന്നാൽ അത്തരത്തിൽ വെടിനിർത്തൽ കരാർ ലംഘനങ്ങൾ ഉണ്ടായിട്ടില്ല എന്ന് കരസേന അറിയിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷത്തിനിടയിലാണ് മെയ് മാസത്തിൽ ഇതിനുമുമ്പ് വെടിനിർത്തൽ കരാർ ലംഘനം നടന്നത്. മെയ് 9 ന് രാത്രി ജമ്മു സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ റേഞ്ചർമാർ പ്രകോപനമില്ലാതെ വെടിയുതിർത്തിരുന്നു. ഇതിനെതിരെ ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു. തുടര്‍ന്ന് ഒമ്പത് നാളത്തെ സംഘര്‍ഷത്തിനൊടുവിൽ ഇരു രാജ്യങ്ങളും വെടിനിര്‍ത്തൽ ധാരണയിലെത്തുകയായിരുന്നു.
പൂഞ്ച് മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ചതായി ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും റിപ്പോർട്ടുകൾ വന്നിരുന്നു. നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘനം നടന്നിട്ടില്ലെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും സൈന്യം വ്യക്തമാക്കി.









0 comments