ആരവല്ലി മലനിരകളുടെ പുതുക്കിയ നിർവചനം സുപ്രീംകോടതി മരവിപ്പിച്ചു

ന്യൂഡൽഹി: ആരവല്ലി മലനിരകളെ സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ പുതുക്കിയ നിർവചനം സുപ്രീം കോടതി മരവിപ്പിച്ചു.പുതിയ നിർവചനത്തിൽ ചില ചോദ്യങ്ങളും കോടതി സർക്കാരിനോട് ഉന്നയിച്ചിരിക്കുകയാണ്. നൂറുമീറ്ററോ അതിൽക്കൂടുതലോ ഉയരമുള്ള കുന്നുകളെമാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കുമെന്ന പുതിയ നിർവചനത്തിന് വ്യക്തത വേണമെന്നാണാണ് സുപ്രീംകോടതി സർക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത് . ഡൽഹിയിൽ തുടങ്ങി 700 കിലോമീറ്റർ ദൈർഘ്യത്തിൽ, 1.44 ലക്ഷം വിസ്തൃതിയിൽ മലകളും ചെറുകുന്നുകളുമെല്ലാമായി വ്യാപിച്ചുകിടക്കുന്ന ആരവല്ലിയിൽ 20 വന്യജീവിസങ്കേതങ്ങളും നാലു കടുവാസങ്കേതങ്ങളുമുണ്ട്. കേരളത്തിലേതുപോലെതന്നെ മനുഷ്യ–വന്യജീവി സംഘർഷമാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. ആരവല്ലിയിലെ നീരുറവകൾ സമൃദ്ധമാക്കിയിരുന്ന നദികളാണ് നാല് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് കുടിക്കാനും കൃഷി ചെയ്യാനും വെള്ളമെത്തിക്കുന്നത്.
പുതിയ നിർവചനം സംരക്ഷിത മേഖലയുടെ വ്യാപ്തി കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ടോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഇത്തരമൊരു പരിമിതമായ നിർവചനംവഴി ഖനനത്തിന് അനുമതി ലഭിക്കാവുന്ന മേഖലകളുടെ വ്യാപ്തി വർധിക്കാൻ ഇടയാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു .ഇക്കഴിഞ്ഞ നവംബർ 20-ന്റെ സുപ്രീം കോടതി ഉത്തരവിലാണ് ആരവല്ലി കുന്നുകളെ സംബന്ധിച്ച പുതിയ നിർവചനം അംഗീകരിക്കപ്പെട്ടത്. ഇതുപ്രകാരം, തറനിരപ്പിൽനിന്ന് നൂറ് മീറ്ററോ അതിൽക്കൂടുതലോ ഉയരത്തിലുള്ള കുന്നുകളാണ് ആരവല്ലി കുന്നിന്റെ നിർവചനത്തിൽ വരിക. 500 മീറ്റർ ദൂരപരിധിക്കകത്ത് രണ്ടോ അതിലധികമോ വരുന്ന ഇത്തരം ആരവല്ലി കുന്നുകളെ ചേർത്ത് ആരവല്ലി മലനിരകളായി കണക്കാക്കും. ഈ നിർവചനത്തിനകത്തു പെടാത്തവയൊന്നും ആരവല്ലിയുടെ ഭാഗമാകില്ല.
ആരവല്ലി കുന്നിനും മലനിരകൾക്കുമേർപ്പെടുത്തിയിട്ടുള്ള കർശനമായ ഖനനവിലക്ക് കുന്ന് അല്ലാത്തവയ്ക്ക് ബാധകമാക്കേണ്ടതില്ല. അങ്ങനെവരുമ്പോൾ ആരവല്ലിയുടെ 90 ശതമാനം ഭാഗവും നിർവചനപരിധിക്ക് പുറത്താകും. സർക്കാരിന്റെ മറുപടി ലഭിച്ചശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ആരവല്ലി മലനിരകളുടെ മാനദണ്ഡം മാറ്റിയതിൽ പ്രതിഷേധം ശക്തമായതോടെ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർചെയ്ത കേസാണ് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ആരവല്ലിക്ക് മോദിസർക്കാർ നൽകിയ പുതിയ നിർവചനത്തിനുപിന്നാലെ, മേഖലയിൽ ചെറുതും വലതുമായ പ്രക്ഷോഭങ്ങൾ ശക്തമാണ്. തദ്ദേശീയർമാത്രമല്ല ഡൽഹി, ജയ്‌പുർ നഗരങ്ങളിൽ അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാരും രംഗത്തിറങ്ങി. രാജസ്ഥാനിലെ ആരവല്ലി മേഖലയിലെ ആൽവാറിൽനിന്നുള്ള ലോക്‌സഭാംഗമായ ഭൂപേന്ദ്ര യാദവാണ് രാജ്യത്തിന്റെ വനം, പരിസ്ഥിതി മന്ത്രി.
ആരവല്ലിയെ ഉന്മൂലനം ചെയ്ത് പ്രദേശം കോർപറേറ്റ് ഭീമന്മാർക്ക് കൈമാറുന്നതിന് നേതൃത്വം നൽകുന്നതും ഭൂപേന്ദ്ര യാദവാണ്. ആരവല്ലിക്ക് ദോഷമായതൊന്നും ചെയ്യില്ലെന്ന് ആവർത്തിക്കുമ്പോൾത്തന്നെ, സമാന വിഷയങ്ങളിൽ സമീപകാലത്ത് മോദിസർക്കാർ കൈക്കൊള്ളുന്ന നിലപാടുകൾ ഒട്ടും പ്രതീക്ഷ നൽകുന്നതല്ല.










0 comments