print edition ഡൽഹിയിൽ കുടിയൊഴിപ്പിക്കൽ ഭീതിയിൽ 310 കുടുംബങ്ങൾ; ഏതുസമയവും ബുൾഡോസറുകൾ എത്തും

ഡൽഹിയിലെ ബിജെപി സര്‍ക്കാര്‍ കുടിയൊഴിപ്പിക്കാനൊരുങ്ങുന്ന യമുനാഘട്ടിലെ വീടുകള്‍ ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: കുടിയൊഴിപ്പിക്കൽ ഭീതിയിൽ രാജ്യതലസ്ഥാനത്തെ 310 കുടുംബങ്ങൾ. യമുനാനദിയുടെ തീരത്തെ ഡൽഹി നിഗംബോധ് ഘട്ടിലെ 310 കുടുംബങ്ങളെ ബിജെപി സർക്കാർ ഏത് നിമിഷവും ബുൾഡോസർ രാജിലൂടെ അനാഥരാക്കിയേക്കും.
പതിനഞ്ച് ദിവസം മുമ്പാണ് ഒഴിഞ്ഞുപോകാൻ നിഗംബോധ് ഘട്ടിലെ ജനങ്ങൾക്ക് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി നോട്ടീസ് നൽകിയത്. നോട്ടീസിൽ പറഞ്ഞ കാലാവധി പൂർത്തിയാവുമ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് പ്രദേശവാസികൾ.
കൈയേറ്റം, വെള്ളപ്പൊക്ക സാധ്യത എന്നിവ കണക്കിലെടുത്താണ് നടപടിയെന്നും ഒഴിഞ്ഞുപോയില്ലെങ്കിൽ വീടുകൾ പൊളിച്ചുമാറ്റുമെന്നുമാണ് ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്.
നിലവിൽ ഭൂമി അവകാശത്തെ സംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന് എങ്ങനെ കുടിയൊഴിപ്പിക്കാനാകുമെന്ന് പ്രദേശവാസികൾ ചോദിക്കുന്നു. സുരക്ഷിതമായ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കണമെന്ന് ജനങ്ങൾ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ അവഗണിക്കുകയാണ്.
മുംബൈയിൽ ബുൾഡോസർരാജ്
മുംബൈ: മുംബൈയിലെ ബാന്ദ്രയിൽ അഞ്ഞൂറോളം ദരിദ്രകുടുംബങ്ങളെ തെരുവാധാരമാക്കി റെയിൽവേയുടെ ബുൾഡോസർ രാജ്. ബാന്ദ്രയിലെ ഗരീബ് നഗറിലെ കുടിലുകളാണ് പൊളിച്ചുനീക്കിയത്. ബോംബെ ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് പശ്ചിമ റെയിൽവേ അധികൃതരുടെ ക്രൂരത.
കുടിയൊഴിപ്പിക്കൽ നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധമുയർന്നു. ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപമുള്ള പ്രദേശത്ത് ചൊവ്വ മുതലാണ് റെയിൽവേ അധികൃതർ വൻ സന്നാഹത്തോടെ കുടിയൊഴിപ്പിക്കൽ തുടങ്ങിയത്.
പുനരധിവാസ സൗകര്യങ്ങൊളൊന്നും ഉറപ്പാക്കാതെയുള്ള നടപടി ചോദ്യംചെയ്തവരെ പൊലീസ് ക്രൂരമായി അടിച്ചമർത്തി.16 പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രദേശത്ത് വൻ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.










0 comments