ക്രൈസ്‍തവ നേതാക്കളുടെ കൊലപാതകം
print edition മണിപ്പുരിൽ രോഷം അണപൊട്ടുന്നു

ക്രൈസ്‌തവ നേതാക്കളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുള്ള ഹർത്താലിൽ മണിപ്പുരിലെ ചുരാചന്ദ്പുരിൽ റോഡ് ഉപരോധിക്കുന്നവർ
ഇംഫാൽ: മൂന്ന് ക്രൈസ്‍തവ നേതാക്കളെയടക്കം കൊലപ്പെടുത്തിയതിന് പിന്നാലെ മണിപ്പുരിൽ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുന്നു. കുക്കി- സോ, നാഗ വിഭാഗങ്ങൾ പ്രഖ്യാപിച്ച ഹർത്താലിൽ മണിപ്പുരിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം തടസ്സപ്പെട്ടു. പ്രതിഷേധക്കാർ കടകളും മാർക്കറ്റുകളും അടപ്പിച്ചു. ഇംഫാൽ– ദിമാപുർ ദേശീയപാതയിൽ കുക്കി ഭൂരിപക്ഷ പ്രദേശമായ കാങ്‌പോക്പിയിൽ ഗതാഗതം തടസ്സപ്പെട്ടു. കാങ്‌പോക്പി , ചുരാചന്ദ്പുർ , ചന്ദേൽ ജില്ലകളിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
വിവിധ ഗ്രൂപ്പുകൾ നാഗ, കുക്കി വിഭാഗങ്ങളിൽപ്പെട്ട 38-ലധികം പേരെ ബന്ദികളാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ഗോവിന്ദാസ് കൊന്തൗജം വ്യാഴാഴ്ച വെളിപ്പെടുത്തി. ഇവരുടെ മോചനം ഉറപ്പാക്കുന്നതിനായി സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുമായും രാഷ്ട്രീയ നേതാക്കളുമായും ചർച്ച നടത്തുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിച്ചിട്ടുണ്ട്, അവരുടെ മോചനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. മണിപ്പൂരിലേക്ക് സമാധാനം തിരിച്ചുവരാൻ ആഗ്രഹിക്കാത്ത ചിലർ ഉണ്ടെന്ന് സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ബുധനാഴ്‌ച ചുരാചന്ദ്‌ചുരിൽനിന്ന് കാങ്‌പോക്‌പിയിലേക്ക് പോവുകയായിരുന്ന കുക്കി വിഭാഗത്തിൽപ്പെടുന്ന താഡൗ ബാപ്‌റ്റിസ്റ്റ് അസോസിയേഷനിലെ റവ. വി സിറ്റ്‌ൽഹോ, റവ. കയ്‌ഗോലുൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇംഫാലിൽനിന്ന് മടങ്ങുകയായിരുന്ന നാഗാവിഭാഗക്കാരായ ഭാര്യയെയും ഭർത്താവിനെയും നോണി ജില്ലയിൽ അജ്ഞാതർ കൊലപ്പെടുത്തി. ഇവർ സഞ്ചരിച്ച വാഹനത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു.










0 comments