മ്യാൻമറിൽ 'സൈബർ അടിമത്തം'; കുടുങ്ങിയ 120-ലധികം ആന്ധ്ര സ്വദേശികളെ രക്ഷപ്പെടുത്തി

അമരാവതി: വിദേശത്ത് മികച്ച ജോലി വാഗ്ദാനം ചെയ്ത് മ്യാൻമറിൽ എത്തിച്ച് സൈബർ അടിമത്തത്തിന് ഇരയാക്കിയ 120-ലധികം ആന്ധ്ര സ്വദേശികളെ രക്ഷപ്പെടുത്തി. ആന്ധ്രപ്രദേശ് സിഐഡി വിഭാഗം നടത്തിയ നിർണ്ണായക നീക്കത്തിനൊടുവിലാണ് ഇവരെ മോചിപ്പിക്കാനായത്.
തൊഴിൽ തട്ടിപ്പിലൂടെ രാജ്യത്തിന് പുറത്തെത്തിച്ച് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ നിർബന്ധിതരായ യുവാക്കളാണ് ഇപ്പോൾ സുരക്ഷിതരായി മടങ്ങിയെത്തുന്നത്. ബാങ്കോക്ക്, മ്യാൻമർ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ ഉന്നത ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്താണ് സൈബർ കുറ്റവാളികളുടെ സംഘം ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്.
അവിടെയെത്തിക്കുന്ന യുവാക്കളുടെ പാസ്‌പോർട്ടും ഫോണും പിടിച്ചുവെച്ച ശേഷം തോക്കിൻമുനയിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയാണ് സൈബർ തട്ടിപ്പുകൾക്കായി നിയോഗിക്കുന്നത്. ഇത്തരത്തിൽ മ്യാൻമറിലെ കുപ്രസിദ്ധമായ 'സൈബർ സ്കാം സെന്ററുകളിൽ' മാസങ്ങളായി നരകയാതന അനുഭവിച്ചു വരികയായിരുന്നു രക്ഷപ്പെട്ടവർ.
സംഭവത്തിൽ ആന്ധ്ര പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്കുള്ള തൊഴിൽ വാഗ്ദാനങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് സിഐഡി എസ്പി ആദിരാജ് സിംഗ് റാണ മുന്നറിയിപ്പ് നൽകി. സംഘടിത സൈബർ ശൃംഖലകൾ യുവാക്കളെ ലക്ഷ്യം വെക്കുന്നത് വർദ്ധിച്ചുവരികയാണെന്നും അനധികൃത ഏജൻസികൾ വഴിയുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. രക്ഷപ്പെടുത്തിയവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.










0 comments