ad
Deshabhimani

ആന്ധ്രയിൽ കൗമാര ഗർഭധാരണം വർദ്ധിക്കുന്നു; ദേശീയതലത്തിൽ മൂന്നാം സ്ഥാനത്ത്

Child Marriage.jpg
വെബ് ഡെസ്ക്

Published on Mar 05, 2026, 04:57 PM | 1 min read

വിജയവാഡ: ആന്ധ്രാപ്രദേശിൽ കൗമാര ഗർഭധാരണ നിരക്ക് ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷൻ. നിലവിൽ കൗമാര ഗർഭധാരണത്തിന്റെ കാര്യത്തിൽ ദേശീയതലത്തിൽ ആന്ധ്ര മൂന്നാം സ്ഥാനത്താണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഡോ. രായപതി ശൈലജ വെളിപ്പെടുത്തി.


വിജയവാഡയിൽ ചൈൽഡ് റൈറ്റ്‌സ് അഡ്വക്കസി ഫൗണ്ടേഷനുമായി ചേർന്ന് സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാനത്തെ കൗമാര ഗർഭധാരണ നിരക്ക് അഞ്ച് ശതമാനത്തിന് താഴെ എത്തിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യമെന്ന് ശൈലജ പറഞ്ഞു. നിലവിൽ 8.8 ശതമാനമാണ് സംസ്ഥാനത്തെ ശരാശരി.


വിജയവാഡയിലെയും കുർണൂലിലെയും ചില ഭാഗങ്ങളിലും പാഡേരു പോലുള്ള ഏജൻസി മേഖലകളിലുമാണ് ഇത്തരം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. കുപ്പത്ത് ഇത് 14.9 ശതമാനം വരെയാണെന്നത് ഗൗരവകരമായ സാഹചര്യമാണ് വിരൽ ചൂണ്ടുന്നത്.


മാതാപിതാക്കളുടെ നിരക്ഷരതയും കുട്ടികൾക്കിടയിലെ അവബോധമില്ലായ്മയുമാണ് ശൈശവ വിവാഹങ്ങളിലേക്കും കൗമാര ഗർഭധാരണത്തിലേക്കും നയിക്കുന്നത്. കൗമാരപ്രായത്തിലുള്ള പ്രസവം പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകർക്കുകയും വിളർച്ച, തൂക്കക്കുറവുള്ള കുഞ്ഞുങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.


പ്രശ്നം പരിഹരിക്കാൻ വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനം വേണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. സ്‌കൂളുകളിൽ ലൈംഗിക-പ്രത്യുൽപ്പാദന ആരോഗ്യത്തെക്കുറിച്ച് കൃത്യമായ അവബോധം നൽകണം.


സ്‌കൂൾ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പെൺകുട്ടികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകി അവരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും സർക്കാർ മുൻഗണന നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ശൈശവ വിവാഹം തടയുന്നതിൽ തദ്ദേശ സ്ഥാപനങ്ങളിലെ സർപഞ്ചുമാർക്കും വാർഡ് മെമ്പർമാർക്കും പ്രത്യേക ചുമതല നൽകണമെന്നും ഡോ. രായപതി ശൈലജ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home