കുർണൂലിൽ 20 പേർ വെന്ത് മരിച്ച അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; ബൈക്ക് നേരത്തെ റോഡിൽ വീണു

ഹൈദരാബാദ്: കുർണൂലിൽ സ്വകാര്യ സ്ലീപ്പർ ബസ് തീപിടിച്ച് 20 പേർ മരിച്ച അപകടത്തിലകപ്പെട്ട ബൈക്ക് നേരത്തെ റോഡിൽ വീണ് കിടക്കുകയായിരുന്നു എന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്. ബസ് വീണുകിടന്ന ബൈക്കിൽ ഇടിച്ചപ്പോൾ പുറത്തേക്ക് ഒഴുകിയ പെട്രോളിലേക്ക് ഘർഷണം മൂലം തീപ്പൊരി പടർന്നാവാം അപകടം എന്ന നിഗമനത്തെ റിപ്പോർട് ശരിവെക്കുന്നു.
കർണൂൽ ബസ് ദുരന്തത്തിൽ ഉൾപ്പെട്ട മോട്ടോർ സൈക്കിളിൽ ഒരു പിൻസീറ്റ് യാത്രക്കാരൻ ഉണ്ടായിരുന്നു. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തു. ഇതിൽ നിന്നാണ് ബൈക്ക് അപകടം നേരത്തെ സംഭവിച്ചതായും വീണുകിടന്ന ബൈക്കിലേക്ക് അതിവേഗത്തിലെത്തിയ ബസ് കയറിയാണ് ദുരന്തമെന്നും തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
സ്വകാര്യ സ്ലീപ്പർ ബസ് ഇടിച്ചുകയറിയതിന് മുമ്പ് തന്നെ ബൈക്കപകടം സംഭവിച്ചിരുന്നു. തലയിടിച്ച് വീണ് ബൈക്ക് ഓടിച്ചിരുന്ന യുവാവ് തൽക്ഷണം മരണപ്പെട്ടെന്നും രക്ഷപ്പെട്ടയാൾ സ്ഥിരീകരിച്ചു.
ബൈക്ക് ഓടിച്ച യുവാവ് മരിച്ചു
ബൈക്ക് റോഡിൽ നിന്ന് മാറ്റാൻ കഴിഞ്ഞില്ല
നാനി എന്ന എരിസ്വാമിയും സുഹൃത്ത് ശിവശങ്കറും തങ്ങളുടെ ബൈക്കിൽ കർണൂൽ നഗരത്തിൽ നിന്ന് ധോണിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ സംഭവ പരമ്പര. ശിവശങ്കർ ബൈക്ക് ഓടിച്ചു. നാനി പിന്നിൽ ഇരിക്കയായിരുന്നു.
പുലർച്ചെ 2.20 ന് ലക്ഷ്മിപുരത്തുള്ള നാനിയുടെ വീട്ടിൽ നിന്നാണ് ഇരുവരും യാത്ര ആരംഭിച്ചത്. ഒരു പെട്രോൾ ബങ്കിന് സമീപം അവർ വണ്ടി നിർത്തി. ഇന്ധനം നിറച്ച ശേഷം ധോണിലേക്ക് പോയി. ഇതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.
യാത്ര തുടരവെ, ബസ് ദുരന്തം ഉണ്ടായ അപകടസ്ഥലത്തിന് ഏകദേശം 200 മീറ്റർ മുമ്പ്, ബൈക്ക് റോഡിൽ തെറിച്ചുവീണു. ഇടതുവശത്തേക്ക് വീണ ശിവശങ്കർ തല റോഡിൽ ഇടിച്ചു തൽക്ഷണം മരിച്ചു. റോഡരികിലെ രണ്ടടി ഉയരമുള്ള സ്റ്റീൽ റെയിലിംഗിൽ തെറിച്ചുവീണ നാനി കുറ്റിക്കാട്ടിലേക്ക് മറിഞ്ഞു. ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.
സുഹൃത്ത് മരിച്ചതായി മനസിലാക്കിയ നാനി അവനെ മാറ്റിക്കിടത്തി. ബൈക്ക് വലിച്ചു മാറ്റാൻ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. ഇതിന് മുകളിലേക്കാണ് ബസ് കുതിച്ചെത്തിയത്.
അതിവേഗതയിൽ വന്ന വി. കാവേരി ബസ് ബൈക്കിന് മുകളിലൂടെ ഇടിച്ചുകയറി. ഏകദേശം 200 മീറ്ററോളം അത് വലിച്ചിഴച്ചു. ഇതിനിടയിലാണ് തീപ്പിടുത്തം ഉണ്ടായതെന്ന് മൊഴി ലഭിച്ചതായി ഒരു പൊലീസ് ഓഫീസറെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ദുരന്തം നേരിൽ കണ്ടു
അപകടത്തിന് ദൃക്‌സാക്ഷിയായതായി നാനി പോലീസിനോട് സമ്മതിച്ചു. ബസ് തീപിടിക്കുന്നത് കണ്ടതായും യാത്രക്കാരുടെ നിലവിളി ദൂരെ നിന്ന് കേട്ടതായും പറഞ്ഞു. പോലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും എത്തുന്നതുവരെ നിസ്സഹായനായി അപകടസ്ഥലത്ത് തന്നെ തുടർന്നു. പിന്നീട് അതുവഴി കടന്നുപോയ ഒരു ട്രാക്ടറിൽ തുഗ്ഗലിയിലേക്ക് പോയി.
പൊലീസ് അന്വേഷണത്തിൽ, അപകടം നടന്ന രാത്രി കുർണൂൽ പട്ടണത്തിലെ പ്രജാനഗറിലെ ശിവശങ്കറിന്റെ വീട്ടിൽ നാനി എത്തിയതായി മനസിലാക്കിയിരുന്നു. തുടർന്നാണ് കേസുമായി ബന്ധമുണ്ടോ എന്ന സംശയം ഉയർന്നത്. സൂചനകൾ ബലപ്പെട്ടപ്പോൾ തുഗ്ഗലിയിൽ നിന്ന് നാനിയെ പിടികൂടി ചോദ്യം ചെയ്തു.
മോട്ടോർ സൈക്കിൾ ഓടിച്ചിരുന്നയാൾ ഒറ്റയ്ക്കാണെന്നും ബസ് അപകടത്തിൽ മരിച്ചുവെന്നുമാണ് തുടക്കത്തിൽ കരുതിയിരുന്നത്. അപകടസ്ഥലം പരിശോധിച്ച ഫോറൻസിക് വിദഗ്ധരും പോലീസ് ഉദ്യോഗസ്ഥരും ബസ് റോഡിൽ കിടന്നിരുന്ന ബൈക്കിൽ ഇടിച്ചതായും തുടർന്ന് തീപിടുത്തമുണ്ടായതായും സംശയം പ്രകടിപ്പിച്ചിരുന്നു.
ബൈക്ക് യാത്രികർ, പെട്രോൾ പമ്പിൽ നിന്നുള്ള ദൃശ്യം
വി. കാവേരി ട്രാവൽസിന്റെ സ്ലീപ്പർ ബസ് ബെംഗളൂരുവിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽ പെട്ടത്. ബസിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 19 പേർ അകത്ത് വെന്ത് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ കുർണൂലിനടുത്തുള്ള ചിന്നേറ്റകൂരിൽ നാഷണൽ ഹൈവേ-44 ൽ ആണ് ദുരന്തം. ബൈക്ക് ഓടിച്ച ശിവശങ്കർ ഉൾപ്പെടെ 20 പേർ മരിച്ചു.
ഡ്രൈവറും സഹ ഡ്രൈവറും രക്ഷപ്പെട്ടു. ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. അശ്രദ്ധ, അമിത വേഗത, മനുഷ്യജീവന് അപകടമുണ്ടാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. അടിയന്തര എക്സിറ്റുകൾ പ്രവർത്തനരഹിതമായിരുന്നിരിക്കാം അല്ലെങ്കിൽ അടഞ്ഞിരിക്കാം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാന വാതിലുകളും അടഞ്ഞു പോയിരുന്നു. ജനൽ ചില്ലുകൾ പൊളിക്കാനുള്ള ചുറ്റിക ഉണ്ടായിരുന്നില്ല എന്നും കരുതുന്നു. വാഹന പരിഷ്കാരങ്ങൾ, അറ്റകുറ്റപ്പണികൾ, സുരക്ഷാ മാനേജ്മെന്റ് എന്നിവ അന്വേഷണത്തിലാണ്.
Related News
രാജസ്ഥാനിലെ ജയ്സാൽമീറിന് സമീപം ബസിന് തീപിടിച്ച് ഉണ്ടായ ദുരന്തത്തിൽ 20 പേർ വെന്തുമരിച്ച അപകടം ഉണ്ടായി രണ്ടാഴ്ചയ്കിടെയാണ് രാജ്യത്ത് സമാനമായ ദുരന്തം. അപകടത്തിൽപ്പെട്ട എസി സ്ലീപ്പർ ബസിലെ വാതിൽ അടഞ്ഞുകിടന്നതാണ് മരണസംഖ്യ ഉയരാൻ കാരണമായിരുന്നത്. തീപിടുത്തത്തെ തുടർന്ന് ബസിന്റെ വാതിൽ ലോക്കാവുകയോ തുറക്കാൻ പറ്റാത്ത നിലയിൽ അടയ്ക്കുകയോ ചെയ്തു. ഇതുമൂലം യാത്രക്കാർ രക്ഷപ്പെടാൻ കഴിയാത്ത വിധം കത്തുന്ന ബസിനകത്ത് കുടുങ്ങിയതായി ജയ്സാൽമീർ അഡീഷണൽ എസ്പി കൈലാഷ് ഡാൻ പറഞ്ഞു.










0 comments