ആൻഡമാനിൽ കനത്ത മഴയ്ക്ക് സാധ്യത; വിനോദസഞ്ചാരികൾ ബീച്ചുകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

പോർട്ട്ബ്ലെയർ : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കാരണം സെപ്തംബർ 17 മുതൽ മൂന്ന് ദിവസത്തേക്ക് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിനോദസഞ്ചാരികൾ, നാട്ടുകാർ, മത്സ്യത്തൊഴിലാളികൾ എന്നിവർ കടലിലും ബീച്ചുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
സെപ്തംബർ 17 മുതൽ 19 വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 7 മുതൽ 11 സെന്റീമീറ്റർ വരെ കനത്ത മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ഇടിമിന്നലും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാലാണ് പൊതുജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിനോദസഞ്ചാരികളും, പ്രദേശവാസികളും, മത്സ്യത്തൊഴിലാളികളും കടലിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
കാംബെൽ ബേ, നാൻകൗറി, കാച്ചൽ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഇന്റർ-ഐലൻഡ് കപ്പലുകളുടെ യാത്രാ സമയം ഡയറക്ടറേറ്റ് ഓഫ് ഷിപ്പിംഗ് സർവീസസ് (DSS) പുനഃക്രമീകരിച്ചേക്കാമെന്നും അറിയിപ്പുണ്ട്.











0 comments