മെക്സിക്കോ–ഗ്വാട്ടിമാല അതിർത്തിയിൽ 7.3 തീവ്രതയുള്ള ഭൂചലനം; രണ്ടുപേര്‍ക്ക് പരിക്ക്

തപാചുല: മെക്സിക്കോ–ഗ്വാട്ടിമാല അതിർത്തിക്ക് സമീപം പസഫിക് തീരത്ത് 7.3 തീവ്രതയുള്ള ശക്തമായ ഭൂചലനം. മെക്സിക്കോ സിറ്റി മുതൽ എൽ സാൽവദോർവരെ ചലനം അനുഭവപ്പെട്ടു. വലിയ നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തെക്കൻ മെക്സിക്കോയിൽ രണ്ടുപേർക്ക് പരിക്കേറ്റു.
മെക്സിക്കോയിലെ ചിയാപാസ് തീരത്തിന് സമീപം അക്വിലസ് സെർദാനിൽനിന്ന് 48 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂമിക്കടിയിൽ 15 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. ഇതിന് മുമ്പ് കടലിൽ മറ്റൊരു ചെറിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു.
4.9 മുതൽ ആറ് വരെ തീവ്രതയുള്ള പത്തോളം തുടർചലനങ്ങൾ രേഖപ്പെടുത്തി. മെക്സിക്കോയുടെ തെക്കൻ അതിർത്തിയിലെ പ്രധാന നഗരമായ തപാചുലയിൽ ആദ്യം നേരിയതോതിൽ അനുഭവപ്പെട്ട ചലനം പിന്നീട് ശക്തമാവുകയായിരുന്നു. ആശുപത്രികളും മറ്റു കെട്ടിടങ്ങളും ഒഴിപ്പിച്ചു.
തപാചുലയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് ഭയന്ന് നാലുമീറ്ററോളം ഉയരത്തിൽനിന്ന് ചാടിയ ഹെയ്തി സ്വദേശിനിക്ക് എല്ലുകൾക്ക് പൊട്ടലേറ്റു. ഇവരുടെ ജീവന് ഭീഷണിയില്ല. കടയുടെ ജനൽച്ചില്ല് പൊട്ടിവീണ് മറ്റൊരാൾക്കും നിസാര പരിക്കേറ്റു.
ഗ്വാട്ടിമാല സിറ്റിയിലും ദീർഘനേരം ഭൂചലനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും ജനങ്ങൾ തെരുവുകളിലേക്ക് ഇറങ്ങുകയും ചെയ്തു. ഉടൻ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചില റോഡുകളിൽ മണ്ണിടിച്ചിലുണ്ടായതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
പ്രഭവകേന്ദ്രത്തിന് സമീപമുള്ള സാൻ മാർക്കോസ്, ക്വെറ്റ്സാൽട്ടെനാങ്കോ, സുചിറ്റെപെക്വസ്, റെറ്റൽഹുലു മേഖലകളിലെ നേരിട്ടുള്ള ക്ലാസുകൾ ഗ്വാട്ടിമാല വിദ്യാഭ്യാസ മന്ത്രാലയം നിർത്തിവച്ചു.
സുനാമി സാധ്യതയെത്തുടർന്ന് ആറുമണിക്കൂർ തീരങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് മെക്സിക്കൻ നാവികസേന നിർദേശിച്ചു. മെക്സിക്കോയുടെയും ഗ്വാട്ടിമാലയുടെയും തീരങ്ങളിൽ ഒരുമീറ്റർവരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി.











0 comments