കേരളത്തിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഫയൽ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ കനക്കാൻ സാധ്യത. ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ടായിരിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്.
ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് വരെ (വടക്കൻ തമിഴ്‌നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി) സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം. ജൂലൈ 21 വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്നാണ് റിപ്പോർട്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം.
അപകടസാധ്യത മുന്നിൽ കാണുന്നവർ എത്രയും വേഗം അധികൃതരുമായി ബന്ധപ്പെട്ട് മുൻകരുതലിന്റെ ഭാഗമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.










0 comments