മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മിമിക്രി കലകാരനിൽ നിന്നു ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും. സലിംകുമാറിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ശനി രാത്രിയായിരുന്നു മലയാള സിനിമയ്‌ക്ക് മറക്കാനാകാത്ത അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച സലിംകുമാർ (57) അന്തരിച്ചത്. കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നതിനാൽ ഏറെക്കാലമായി സിനിമാരംഗത്ത് സജീവമായിരുന്നില്ല. അസുഖം മൂർഛിച്ചതിനെ തുടർന്ന് ശനിയാഴ്‌ച ഇടപ്പള്ളി അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായിരുന്നു.
ഭാര്യ: സുനിത. മക്കൾ: നടൻ ചന്തു, ആരോമൽ. സലിം കുമാറിന്റെ മൃതദേഹം വടക്കൻ പറവൂർ മുൻസിപ്പൽ ടൗൺ ഹാളിൽ ഞായർ രാവിലെ ഒന്പതിന് പൊതുദർശനത്തിനുവയ്‌ക്കും. പകൽ ഒന്നിന് ചിറ്റാറ്റുകര പഞ്ചായത്തിലെ ആലുംമാവിലുള്ള "ലാഫിങ് വില്ല' വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് അഞ്ചോടെ സംസ്കാരം നടക്കും.









0 comments