രാജസ്ഥാനിലെ കോട്ടയിൽ അമോണിയ ചോർച്ച; 25 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

വീഡിയോ ദൃശ്യം
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ അമോണിയ ചോർന്നു. സിംലിയിലെ ചമ്പൽ ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ (സിഎഫ്സിഎൽ) ഫാക്ടറിയിലാണ് അമോണിയ ചോർച്ച ഉണ്ടായത്. വിദ്യാർഥികൾ ഉൾപ്പെടെ സമീപ പ്രദേശത്തെ നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ 11 ഓടെയാണ് സിഎഫ്സിഎൽലിൽ വാതക ചോർച്ച ഉണ്ടായതെന്നാണ് റിപ്പോർട്ട്. തുടർന്ന് സമീപത്തെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. പത്തോളം കുട്ടികൾ ബോധരഹിതരായതായാണ് വിവരം. 25 വിദ്യാർഥികളെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
ഫാക്ടറിയിലുണ്ടായത് വാതക ചോർച്ചയല്ല മറിച്ച് പതിവ് ഡ്രില്ലിന്റെ ഭാഗമായി അമോണിയ വാതകം പുറത്തുവിടുകയായിരുന്നു എന്നാണ് സിഎഫ്സിഎൽ അധികൃതർ പറയുന്നത്. എന്നാൽ അതിൽ മറ്റെന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് കോട്ട പൊലീസ് അറിയിച്ചു. സ്കൂൾ വിദ്യാർഥികളുടേയും നാട്ടുകാരുടേയും ആരോഗ്യ നില പരിശോധിക്കാൻ ആറ് മെഡിക്കൽ ടീമുകൾ രൂപീകരിച്ചിട്ടുണ്ട്.











0 comments