പഞ്ചാബിൽ ബിജെപി അധികാരത്തിലെത്തിയാൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരും: അമിത് ഷാ

ഫയൽ ചിത്രം
മോഗ: പഞ്ചാബിൽ ബിജെപി അധികാരത്തിലെത്തിയാൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോഗയിൽ സംഘടിപ്പിച്ച 'ബദ്‌ലാവ്' റാലിയിൽ സംസാരിക്കുമ്പോഴാണ് ഷാ വിവാദ പ്രസ്താവന നടത്തിയത്.
ഛത്തീസ്‌ഗഡിൽ സംഘപരിവാർ അക്രമികൾ പൊലീസിനെ കൂട്ടുപിടിച്ച് പുരോഹിതരെയടക്കം ക്രൂരമായി ആക്രമിക്കുകയും വ്യാജ കേസുകളിൽ കുടുക്കുകയും ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. ക്രെെസ്തവ പുരോഹിതർ ഹിന്ദുക്കളെ മതം മാറ്റുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. 2024ൽ ഛത്തീസ്ഗഡില്‍ മതപരിവർത്തന നിരോധന നിയമത്തിന്റെ കരട് പാസാക്കുകയും 2026ൽ ബിൽ നിയമസഭ അംഗീകരിക്കുകയും ചെയ്തു. പ്രധാനമായും ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യംവെച്ചാണ് നിയമം ഛത്തീസ്ഗഢിൽ കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് പഞ്ചാബിലും ഇതേ തരത്തിൽ മതപരിവർത്ത നിരോധന നിയമം കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നത്.
വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത മതംമാറ്റം ജാമ്യമില്ലാക്കുറ്റമാക്കി പത്തുവർഷംവരെ ജയിലിലടയ്‌ക്കുന്ന നിയമമാണ് ഛത്തീസ്‌ഗഡിൽ ബിജെപി സർക്കാർ കൊണ്ടുവന്നത്. സംസ്ഥാനത്ത് ക്രിസ്‌ത്യൻ മിഷണറികളുടെ നേതൃത്വത്തിൽ മതപരിവർത്തനം സജീവമാണെന്നാരോപിച്ചാണ് നിയമം സംസ്ഥാനത്ത് തിരക്കിട്ട് നടപ്പാക്കിയത്. പഞ്ചാബിൽ മോദിയും അമിത് ഷായും അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് നടപ്പാക്കാനൊരുങ്ങുന്നതും ഇത് തന്നെയാണ്.
പഞ്ചാബ് നേരിടുന്ന പ്രധാന വെല്ലുവിളി മതപരിവർത്തനമാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കോൺഗ്രസും ആം ആദ്മി പാർടിയും ഇതിന് ഒത്താശ ചെയ്യുകയാണെന്നുമാണ് അമിത് ഷായുടെ ആരോപണം.
ഗുരു തേജ് ബഹദൂർ ഉൾപ്പെടെയുള്ള സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തെ രാഷ്ട്രീയ ആയുധമാക്കിയായിരുന്നു അമിത് ഷായുടെ പ്രസംഗം. മതപരിവർത്തനം തടയാൻ ജീവൻ ബലിയർപ്പിച്ച ഗുരു തേജ് ബഹദൂർ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ ഹിന്ദുക്കൾ അവശേഷിക്കില്ലായിരുന്നുവെന്ന് ഷാ പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നാണ് ഷായുടെ വാദം.
ഈ മാസം ആദ്യം മുംബൈയിൽ നടന്ന ചടങ്ങിലും പഞ്ചാബിലെ മതപരിവർത്തന വിഷയത്തിൽ ഭഗവന്ത് മാൻ സർക്കാരിനെതിരെ ഷാ രംഗത്തെത്തിയിരുന്നു. പഞ്ചാബിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണ് സിഖ് ചരിത്രത്തെയും മതപരിവർത്തന വിഷയത്തെയും മുൻനിർത്തിയുള്ള കേന്ദ്രമന്ത്രിയുടെ നീക്കം.










0 comments