print edition ദക്ഷിണേന്ത്യക്ക് ഗുണമെന്ന അമിത്‌ഷായുടെ വാദം കള്ളം

അമിത് ഷാ
ന്യൂഡൽഹി: മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണമാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ വാദം പൊള്ള. സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന് അമിത് ഷാ സഭയിൽ വച്ച കണക്കിൽ വ്യക്തം. മന്ത്രി അവകാശപ്പെടുന്ന വർധന നാമമാത്രവും. നിലവിൽ കർണാടകത്തിന് 28 സീറ്റാണ്. 543 അംഗങ്ങളുള്ള ലോക്‌സഭയിൽ പ്രാതിനിധ്യശതമാനം 5.15 ശതമാനം. മണ്ഡലപുനർനിർണത്തോടെ 42 സീറ്റാകും. 815 അംഗങ്ങളുള്ള സഭയിൽ പ്രാതിനിധ്യം 5.14 ശതമാനമായി കുറയും. 25 സീറ്റുള്ള ആന്ധ്രാപ്രദേശിന്റെ പ്രാതിനിധ്യം 4.60 ശതമാനം. മണ്ഡല പുനർനിർണയം കഴിഞ്ഞാൽ 38 സീറ്റാകും. പ്രാതിനിധ്യം 4.75 ശതമാനമായി ഉയരും.
തമിഴ്‌നാടിലെ സീറ്റ് 39ൽനിന്ന് 59 ആകുമ്പോൾ പ്രാതിനിധ്യം 7.18 ശതമാനത്തിൽനിന്നും 7.23 ശതമാനമാമേ ആകുന്നുള്ളൂ. കേരളത്തിന് പ്രാതിനിധ്യം കുറയും. നിലവിലെ 20 സീറ്റുകൾ 30 സീറ്റാകുന്പോൾ 3.68 ശതമാനത്തിൽ നിന്നും 3.67 ശതമാനത്തിലേക്ക് കുറയും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഗുണമാണെന്ന വാദം മന്ത്രിയുടെ പ്രസ്‌താവനയിൽ തന്നെ പൊളിഞ്ഞു. മൊത്തത്തിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ സീറ്റുകൾ 129ൽനിന്ന് 195 ആയി വർധിക്കും. പ്രാതിനിധ്യ ശതമാനം 23.76 ശതമാനത്തിൽനിന്ന് 23.87 ശതമാനമോ 24 ശതമാനമോ ആകുമെന്ന് ഷാ അവകാശപ്പെട്ടു.
വനിതാസംവരണം നടപ്പാക്കാൻ 2011 സെൻസസിന്റെ അടിസ്ഥാനത്തിലുള്ള പുനർനിർണയമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. മണ്ഡലപുനർനിർണയം നടത്തിയതിന് ശേഷം 50 ശതമാനത്തിന്റെ വർധന കൂടി വരുത്തും. അങ്ങനെ വരുന്പോൾ ലോക്‌സഭാ സീറ്റുകൾ 816 വരെയായി ഉയരാനിടയുണ്ട്. മണ്ഡല പുനർനിർണയത്തിൽ സർക്കാർ അനാവശ്യ ഇടപെടൽ നടത്തുമെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.










0 comments