ad
Deshabhimani

'രണ്ടാം ഭാര്യയെ സംരക്ഷിക്കുന്നുണ്ടെങ്കിൽ ആദ്യ ഭാര്യക്ക് ജീവനാംശം നൽകാനും ബാധ്യതയുണ്ട്': അലഹബാദ് ഹൈക്കോടതി

Allahabad High Court.jpg
വെബ് ഡെസ്ക്

Published on Dec 19, 2025, 11:35 AM | 1 min read

ലഖ്‌നൗ: രണ്ടാം ഭാര്യയെ സംരക്ഷിക്കാൻ സാമ്പത്തിക ശേഷിയുള്ള ഭർത്താവിന് ആദ്യ ഭാര്യക്കുള്ള ജീവനാംശം നിഷേധിക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ജീവനാംശം നൽകാനുള്ള കീഴ്ക്കോടതി ഉത്തരവിനെതിരെ ഭർത്താവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഹർവീർ സിംഗ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.


അലിഗഡ് കുടുംബക്കോടതിയുടെ 2024 ജൂൺ 6-ലെ ഉത്തരവിനെതിരെ മുഹമ്മദ് ആസിഫ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ ഭാര്യക്ക് മാസം 20,000 രൂപ ജീവനാംശം നൽകണമെന്നായിരുന്നു കുടുംബക്കോടതിയുടെ വിധി.


താൻ ബെംഗളൂരുവിലെ ഒരു ഹാർഡ്‌വെയർ കടയിലെ തൊഴിലാളിയാണെന്നും തുച്ഛമായ വരുമാനം മാത്രമേയുള്ളൂവെന്നും ചൂണ്ടിക്കാട്ടിയാണ് ആസിഫ് കോടതിയെ സമീപിച്ചത്. പ്രതിമാസം 20,000 രൂപ നൽകാനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.


എന്നാൽ, ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിലെ ഭാര്യയെ സംരക്ഷിക്കുന്നുണ്ടെന്നും ആദ്യ ഭാര്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ആസിഫ് ജോലി ചെയ്യുന്ന ഹാർഡ്‌വെയർ സ്ഥാപനം പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ഇവർ ആദായനികുതി അടക്കുന്നവരാണെന്നും ഭാര്യയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.


രണ്ടാം ഭാര്യയെ പോറ്റാൻ കഴിയുന്ന ഒരാൾക്ക് ആദ്യ ഭാര്യക്കുള്ള ചെലവ് നൽകാൻ കഴിയില്ലെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മീമ ഫാറൂഖി-ഷാഹിദ് ഖാൻ കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് ഹൈക്കോടതിയുടെ നടപടി.


വരുമാനം കുറവാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നും നിയമപരമായി വിവാഹം കഴിച്ച ഭാര്യയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഭർത്താവിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ കുടുംബക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home